നാല് വൻകരകളിലായി തൊണ്ണൂറു ദിവസത്തിലേറെയായി കര തൊടാതെയുള്ള യാത്ര.ശരിക്കും കഴിഞ്ഞ മാസം നാട്ടിൽ പോകേണ്ടതായിരുന്നു, ഈ മഹാമാരി എല്ലാം തകിടം മറിച്ചു.
ബാൽക്കണിയിലിരുന്ന് പുറത്തേക്ക് നോക്കിയ അയാൾക്ക് ഇളകി മറിയുന്ന കടലിലെ ഓളങ്ങൾ തന്റെ മനസ്സിലെ വീർപ്പുമുട്ടലായി തോന്നി. കണ്ടു മടുത്ത ഒരേ മുഖങ്ങൾ, കേട്ടു മടുത്ത കടൽക്കാറ്റിന്റെ ഇരമ്പൽ.ആകെ ഒറ്റപ്പെട്ട നിമിഷങ്ങൾ. തന്റെ കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട നിമിഷങ്ങൾ, അവൾക്ക് ആത്മ വിശ്വാസവും തന്റെ സാമീപ്യവും ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയം. ഒരു പനിയാണെന്ന് പറഞ്ഞു കൊണ്ടു പോയതാണ്. ഇപ്പൊ ഒരാഴ്ചയായി. ഫലം വന്നപ്പോൾ രോഗം സ്ഥിതീകരിച്ചു എന്നാണ് അമ്മ വിളിച്ചപ്പോൾ പറഞ്ഞത്.
നടുക്കടലിൽ ആയതു കൊണ്ട് ആശയ വിനിമയം പോലും നടക്കുന്നില്ല.അവളോട് ഒരു സ്നേഹ വാക്ക് പോലും പറയാൻ പറ്റിയില്ല. അവൾ ഒറ്റയ്ക്കല്ല, വയറ്റിൽ ഞങ്ങളുട കണ്മണിയും ഉണ്ട്. അയാൾ പിറു പിറുത്തു. അന്ന് അവളെ വിട്ടു കപ്പലിലെ ജോലിക്ക് വരുമ്പോൾ മൂന്ന് മാസം ആയിരുന്നു അവൾക്ക് . മനസില്ലാ മനസ്സോടെയായിരുന്നു പടിയിറങ്ങിയത്. ഇതൊക്ക ആലോചിക്കുമ്പോൾ അയാൾക്ക് ഉമിനീര് പോലും ഇറക്കാൻ പറ്റിയില്ല. ആവശ്യത്തിലേറെ വരുമാനമുണ്ട്, എങ്കിലും സ്നേഹത്തിനു പകരമാകില്ലല്ലോ. തന്റെ കുഞ്ഞുന്നാൾ മുതൽ അമ്മ പറഞ്ഞു തന്ന പ്രപഞ്ച ശക്തിയെ നോക്കി അയാൾ ശിരസ് കുനിച്ചു. മനസ്സിൽ ആയിരം വട്ടം ഉരുവിട്ടു 'അവളെയും കുട്ടിയേയും തിരിച്ചു തരാൻ '... ഈ മഹാമാരിക്കു മുൻപിൽ പ്രകൃതി പോലും നിശ്ചലം.
അയാൾ പിന്നെയും പിന്നെയും ശ്രമിച്ചു കൊണ്ടേയിരുന്നു. ഭാഗ്യത്തിന് ആരോ ഫോൺ എടുത്തു. ഹൃദയം തകരുന്ന വേദനയോടെ അയാൾ അതു കേട്ടു നിന്നു. "അമ്മയെയും കുട്ടിയേയും രക്ഷിക്കാൻ പറ്റിയില്ല."
ആരെയൊക്കെയൊയോ ശപിച്ചു കൊണ്ട് എന്തൊക്കെയോ പിറു പിറുത്തു കൊണ്ടയാൾ യാത്ര തുടർന്നു,.. തന്റെ പ്രിയസഖിക്കും കുഞ്ഞിനുമൊപ്പം.. അവരുടേതായ ലോകത്തിലേക്ക്..
(രചന : ശരത് ചന്ദ്രൻ)
0 Comments