Join Our Whats App Group

വെട്ടം ( രചന: അഞ്ജന )

    

വെട്ടം


           കുളപ്പടവിൽ വലുപ്പക്രമത്തിലുള്ള അഞ്ച് കല്ലുകൾ ശേഖരിച്ചു വെച്ചിരിക്കുന്നു. ആദ്യം ഏറ്റവും ചെറിയ കല്ല് കുളത്തിലേക്ക് എറിഞ്ഞു. ചെറിയൊരു ശബ്ദം പുറപ്പെടുവിച്ച് അത് വെള്ളത്തിനു ചുറ്റും വലയങ്ങൾ സൃഷ്ടിച്ചു. ശേഷം വലിയ വലിയ കല്ലുകൾ ഓരോന്നായി എറിയാൻ തുടങ്ങി.  പിറകിൽ നിന്നും ഒരു ശ്വാസനയുടെ സ്വരം കേട്ടു. 

             " ദാസാ...... "
       
         ബസ്സിലെ അഗാതമായ നിദ്രയിൽ നിന്നും അയാൾ ഞെട്ടി എഴുനേറ്റു. അതെ 'ദാസൻ' തന്നെ. അഞ്ചു വയസ്സുകാരനായ ദാസൻ തറവാട്ടുകുളത്തിലേക്ക് കൗതുകത്തോടെ കല്ലെറിയുകയായിരുന്നു. അതുകണ്ട് അച്ഛന്റെ ശ്വാസനയായിരുന്നു ആ വിളി. ഒരു സ്വപ്നത്തിലൂടെ പൊലിഞ്ഞുപോയ ഓർമ്മകൾ ദാസൻ ഓർത്തെടുത്തു. 

              ഒരു ദീർഘയാത്രയിലാണ് അയാൾ. സ്വന്തം ഗ്രാമത്തിലേക്കുള്ള യാത്ര. നീണ്ട ഇരുപതു വർഷങ്ങൾ..!!
എവിടെയായിരുന്നു അയാൾ..??
സ്വന്തം ഗ്രാമത്തെയും ഉറ്റവരേയും വിട്ട് ദാസൻ ദൂരേക്ക് പോയ്‌മറഞ്ഞു. ഞരമ്പുകളിൽ ചോരതിളപ്പിരമ്പുന്ന കൗമാര കാലം. വീട്ടുകാരുടെ ശ്വാസനകൾ വെറും വാക്കായി തള്ളികളയുന്ന കാലം. അവരുടെ ശിക്ഷണത്തിൽ നിന്നും മടുത്ത്‌ എന്തോ ചെറിയ കാര്യത്തിൽ തർക്കിച്ച് അയാൾ നാട് വിട്ടു. പിന്നീടൊരിക്കലും സ്വന്തം നാട്ടിലേക്കു പോവാൻ ദാസൻ താല്പര്യപ്പെട്ടിട്ടില്ല. പിന്നീടുള്ള ജീവിതം തന്നിഷ്ട്ടപ്രകാരമായിരുന്നു. എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞ് ചെയ്യാനാവുന്ന എല്ലാ ജോലിയും ചെയ്ത് വിശപ്പടക്കി. പിന്നീട് ഒരു പ്രസ്സിൽ സ്ഥിരമായി ജോലിക്ക് നിന്നു. കുറച്ച് കാലത്തിനുശേഷം പ്രെസ്സ് അയാളുടെ ഉടമസ്ഥതയിലായി. ദാസൻ ആ പ്രസ്സിന്റെ മുതലാളിയായി.


             ഏതാനും മാസങ്ങൾക്കുമുമ്പ് പ്രസ്സിൽ ഒരു അധ്യാപകൻ അയാളുടെ സ്കൂളിന്റെ വിലാസത്തിൽ ചില ലേഖനങ്ങൾ ബൈന്റ്‌ ചെയ്യാനായി വന്നു. ലേഖനത്തിന്റെ താഴെ നെയ്യാറ്റിൻകര ഗവണ്മെന്റ് ഹൈസ്കൂൾ എന്നൊരു വിലാസം കണ്ടു.  ദാസൻ ആ അധ്യാപകനോട് ചോദിച്ചു :-

             'കുറുപ്പുമാഷേ അറിയാമോ..?? 
അദ്ദേഹം ഇപ്പോൾ ജോലിയിൽ നിന്നും വിരമിച്ചു കാണും.'

       ' കുറുപ്പുമാഷ് ആരാണെന്നു ചോദിച്ചാൽ നെയ്യാറ്റിൻകര ഗ്രാമത്തിലെ ആർക്കാണ് അറിയാത്തത്. രണ്ട് തവണ മാതൃക അധ്യാപകനുള്ള പുരസ്‌കാരം ലഭിച്ച വ്യക്തിയാണ്. പക്ഷെ അദ്ദേഹം മരിച്ചിട്ട് എട്ടു വർഷമായി. ആ അധ്യാപകൻ പറഞ്ഞു.'

        മരിച്ചെന്നോ.... ദാസിന്റെ ഹൃദയത്തിൽ ഒരു തീക്കനൽ കൂമ്പാരം എരിഞ്ഞമരുന്നു. 
    'അച്ഛൻ....... ' ദാസൻ പതിയെ മന്ത്രിച്ചു. കുറിപ്പുമാഷിന്റെ ഏക മകനായിരുന്നു ദാസൻ. അധ്യാപകൻ ആയതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ചിട്ടവട്ടങ്ങൾ ദാസിനെ എന്നും വീർപ്പുമുട്ടിച്ചുകൊണ്ടേയിരുന്നു. മനസ്സുമടുത്തു അയാൾ നാടുവിട്ടു. 

     
          അച്ഛന്റെ മരണവാർത്ത ദാസിനെ തന്റെ നാട്ടിലേക്ക് പോവാൻ നിർബന്ധിതനാക്കി. യാത്രക്കിടെ അച്ഛന്റെ ഓർമ്മകൾ ഒരു മിന്നായം പോലെ അയാളുടെ മനസ്സിലൂടെ മിന്നിമറിഞ്ഞുകൊണ്ടേയിരുന്നു. ദാസിന് ആ നാടിനോടുള്ള ആഭിമുഖ്യo കൂടാനുള്ള ഒരേയൊരു കാരണം അയാളുടെ ബാല്യകാലസഖിയാണ്. എല്ലാം വിട്ടെറിഞ്ഞ് പോവുമ്പോൾ ദാസിന്റെ മനസ്സിൽ ഒരു മുല്ലവള്ളിപോലെ പടർന്നുകൂടിയത് അവളുടെ ഓർമ്മകൾ മാത്രമായിരുന്നു. കുറുപ്പുമാഷിന്റെ ഉറ്റ സുഹൃത്തിന്റെ ഇളയമകൾ സാവിത്രി. അവളെ കുറിച്ചോർക്കാത്ത ദാസിന്റെ ദിനങ്ങൾ വിരളമാണ്. 

          അമ്മ തറവാട്ടിൽ ഒറ്റക്കായിരിക്കുമോ..?? അമ്മയ്ക്കു കൂട്ടായി ആരു കാണും..?? ദാസിന്റെ മനസ്സിൽ സന്ദേഹങ്ങളുടെ കെട്ടുകൾ ചുരുളഴിയുന്നു. രണ്ട് സ്റ്റോപ്പ്‌ പിന്നിട്ടാൽ അടുത്തത് നെയ്യാറ്റിൻകരയാണ്. അയാളുടെ മനസ്സിൽ വല്ലാത്തൊരു വേവലാതി. താടിയും മുടിയും നന്നായി വളർന്നിരിക്കുന്നു. അവ വെട്ടിമാറ്റി ഒതുക്കാൻ തല്ക്കാലം അയാൾ മുതിർന്നില്ല. ഗ്രാമവാസികൾ തന്നെ പെട്ടെന്ന് തിരിച്ചയുന്നത് ആപത്ത് ആണ്. ചിന്തകൾ ദാസിന്റെ മനസ്സിലൂടെ തിരമാലകൾ പോലെ അലയടിച്ചുകൊണ്ടിരിക്കുന്നു. 


           ദാസൻ നെയ്യാറ്റിൻകര സ്റ്റോപ്പിൽ ഇറങ്ങി. സ്റ്റോപ്പിന്റെ മുകളിൽ ചുവന്ന ചായം കൊണ്ട് ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു. 'കുറുപ്പുമാഷിന്റെ ഓർമ്മയ്ക്ക് '. ഒരു നിമിഷം ദാസിന്റെ മനസ്സൊന്നു പിടഞ്ഞു. 
നാടാകെ മാറിയിരിക്കുന്നു. ബസ്റ്റോപ്പിനടുത്തു ആകെ ഉണ്ടായിരിന്നത് ഗോവിന്ദൻ ചേട്ടന്റെ ചായക്കടയായിരുന്നു. അതൊക്കെ പൊളിച്ച് ഇരുനില സൂപ്പർ മാർക്കറ്റുകൾ ഉയർന്നിരിക്കുന്നു. പോകുന്ന വഴിക്കെല്ലാം അവിടെയിവിടെ മൊബൈൽ ഷോപ്പുകളും ടെക്സ്റ്റൈൽസുകളും കാണാം. 

            അയാൾ ഏറെ ദൂരം താണ്ടി തറവാടിന് സമീപത്തെത്തി. ദൂരെ നിന്നും ഓടിട്ട ഇരുനില വീടിന്റെ മേലഗ്രo കാണാം. അയാളുടെ നെഞ്ചിലാകെ ഒരു പിടച്ചിൽ. അയാൾ വീടിന്റെ മുറ്റത്തെത്തി.  അമ്മയുടെ തുളസിത്തറയുടെ ഇഷ്ടികകഷ്ണങ്ങൾ മുറ്റത്ത്‌ ഒരറ്റത്ത്‌ അടുക്കിവെച്ചിരിക്കുന്നു. അച്ഛനിരുന്ന ചാരുകസേര അവിടെയൊന്നും കാണാനില്ല. വീടിന്റെ മേൽകൂരയിൽ ക്ലാവ് പിടിച്ച ഓടിൻ കഷ്ണങ്ങൾ. വീട് പൂട്ടിയിരിക്കുന്നു. അച്ഛന്റെ മരണശേഷം അമ്മ സ്വന്തം തറവാട്ടിലായിരിക്കും താമസം. ദാസൻ അങ്ങനെ അനുമാനിച്ചു. 


            വീടിന്റെ പരിസരങ്ങളിലൂടെ അയാൾ ഒരു തിരനോട്ടം നടത്തി. ശേഷം കുളത്തിനരികിലേക്ക് നടന്നു. കുളപ്പടവുകളിലാകെ പൂപ്പലുകൾ നിറഞ്ഞിരിക്കുന്നു. കുളത്തിലെ വെള്ളത്തിൽ പച്ചനിറത്തിലുള്ള പായലുകൾ അടിഞ്ഞുകൂടിയിട്ടുണ്ട്. തറവാടും കുളവും ഒരു നാമാവശേഷമായതിന്റെ അടയാളങ്ങളാണിവ. ദാസൻ പഴയ ഓർമ്മ പുതുക്കുക എന്ന ഉദ്ദേശത്തിൽ കുറച്ച് കല്ലുകൾ ശേഖരിച്ചു കുളത്തിലേക്കെറിഞ്ഞു. പിറകിൽ നിന്നും ഒരു പരിചിതമായ ശബ്ദം കേട്ടു. 


          ' ആരാ..??  ആരാ അത്.  ആളൊഴിഞ്ഞ തറവാട്ടുകുളത്തിൽ നിങ്ങൾക്കെന്താ കാര്യം..?? '

  
         ദാസൻ അയാളെ സൂക്ഷിച്ചു നോക്കി. എന്നിട്ട് മനസ്സിൽ മന്ത്രിച്ചു.  'രാമേട്ടൻ ', അച്ഛന്റെ സന്തതസഹചാരിയായിരുന്ന മനുഷ്യൻ. ആളാകെ മാറിയിരിക്കുന്നു. 

          ' ചോദിച്ചത് കേട്ടില്ലേ..??  നിങ്ങൾ ആരാണ് അദ്ദേഹം തുടർന്നു.. '

    ' ഞാൻ കുറുപ്പുമാഷിന്റെ ഒരു പൂർവവിദ്യാർത്ഥിയാണ്.  വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ കാണാൻ വന്നതായിരുന്നു. അദ്ദേഹം മരിച്ച വിവരം ഇപ്പോഴാ അറിയുന്നത്. '

        ' ഉം... നീ എവിടെത്തുകാരനാണ്..??  
കണ്ടുട്ടു  നല്ല പരിചയമില്ല..  രാമേട്ടൻ ചോദിച്ചു. '

      ' ഞാൻ കുറച്ച് ദൂരെയാണ്. എന്റെ പേര്  ' മനോജ്‌ '. ഇവിടെ അദ്ദേഹത്തിന്റെ ഭാര്യയെയും കണ്ടില്ല.

         മാഷ് മരിക്കുന്നതിന് മുമ്പേ അദേഹത്തിന്റെ ഭാര്യ മരിച്ചിരുന്നു. അവരുടെ ഏക മകൻ നാടുവിട്ട വിഷമത്തിൽ മനോനില തെറ്റിയ അവസ്ഥയിലായിരുന്നു അവർ. കുറെ കാലം ചികിത്സയിലായിരുന്നു. മരുന്നിനും മന്ത്രത്തിനുമപ്പുറമാണല്ലോ മനുഷ്യ മനസ്സിന്റെ നിലനിപ്പ്. താളം തെറ്റിയ മനസ്സുമായി കുറെ വർഷങ്ങൾ. പിച്ചും പിഴയും പറഞ്ഞ് തള്ളിനീക്കിയ രാവുകൾ. ഒടുവിൽ മരണത്തിനു കീഴടങ്ങി. മാഷിന്റെ സഹധർമ്മിണിയായ ഭാര്യ, 'ലക്ഷ്മിയമ്മ'. രാമേട്ടൻ ഇടറുന്ന സ്വരത്തിൽ പറഞ്ഞു. 


           ദാസിന് ദേഹമാസകലം വിറയൽകൊള്ളുന്നു. കാലുകൾ നിലത്തുറയ്ക്കുന്നില്ല. ഒരുവിധം അയാൾ കുളപ്പടവിൽ തന്റെ ശരീരത്തെ താങ്ങിനിർത്തി.  'അമ്മേ.... അമ്മേ എന്ന് ഉള്ളുകൊണ്ട് വിളിച്ചു കരയുന്നുണ്ടായിരുന്നു... സങ്കടം പുറത്തുകാണിക്കാനാവാതെ ഉള്ളിലൊതുക്കി.

           ' കുറുപ്പുമാഷ് എങ്ങനെയാണ് മരിച്ചത്..??  ദാസൻ  വേദന കടിച്ചമർത്തി ചോദിച്ചു.. '

         മുഖത്തുള്ള കണ്ണടയഴിച്ചു രാമേട്ടൻ പറഞ്ഞു തുടങ്ങി. ഭാര്യ മരിച്ചതിൽ പിന്നെ മാഷ് ആകെ തനിച്ചായിരുന്നു. കൂട്ടിന് ഇവിടത്തെ ഒരു കൊച്ചു കാര്യസ്ഥാനായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. എട്ടു വർഷങ്ങൾക്കുമുമ്പ് എറണാകുളത്തെ ഏതോ ഷോപ്പിൽ അയാളുടെ മകനെ കണ്ടെന്നുള്ള വാർത്ത പരന്നിരുന്നു. അതൊരു വ്യാജ വാർത്തയായിരുന്നു. കേട്ടപാതി കേൾക്കാത്തപാതി എടുത്തുചാടി പുറപ്പെട്ടു എറണാകുളത്തെക്ക്. തനിച്ചു പോവണ്ട ഞാൻ കൂടെ വരാം എന്ന് പറഞ്ഞതാ. അതൊന്നും കേൾക്കാതെ മാഷ് പോയി. രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ല. ആഴ്ചകൾ പിന്നെയും കടന്നുപോയി. എറണാകുളം സിറ്റിയിൽ ഒരു അജ്ഞാത മൃദുദേഹം കണ്ടെത്തി. മാഷിന്റെയായിരുന്നു അത്. മകനെ കണ്ടെത്താനുള്ള പ്രതീക്ഷ അസ്ഥാനത്തായതിന്റെ വേദനയിൽ ഹൃദയം പൊട്ടി മരിച്ചതാവും. ഒരു നാടാകെ തേങ്ങിയ ദിവസം. ഒരു വാക്കുകൊണ്ടുപോലും ആരെയും നുള്ളി നോവിക്കാത്ത മാഷിനെ കാണാൻ അടുത്തുനിന്നും അകലെനിന്നുമുള്ള സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും ജനപ്രവാഹമായിരുന്നു. 
    
         അതിനിടയിൽ മാഷിന്റെ മരണവാർത്തയറിഞ്ഞു മകൻ വരുന്നുണ്ടെന്ന വാർത്ത പരന്നു. അച്ഛന്റെ ചിതയ്ക്ക് തീകൊളുത്താനും പിതൃകർമ്മങ്ങൾ ചെയ്യാനും അവൻ വരുമെന്ന് ഞങ്ങൾ വിശ്വസിച്ചു. പക്ഷെ അവൻ വന്നില്ല. അന്ത്യകർമ്മങ്ങൾ ചെയ്യാൻ അവനു നിയോഗമില്ല. പാപിയാണവൻ. മഹാപാപി. ചെയ്ത ദുഷ്കർമ്മങ്ങളുടെ ഭാരവും പേറി തെരുവിലൂടെ ഒരു ഭ്രാന്തനെ പോലെ അവൻ അലയുന്നുണ്ടാവും. അവൻ ഒരിക്കലും നന്നാവില്ല. രാമേട്ടന്റെ മുഖത്ത് അമർഷത്തിന്റെ തിരി ആളികത്തുന്നുണ്ടായിരുന്നു. 

            ഈ ശാപവാക്കുകളെല്ലാം ദാസിന്റെ ഹൃദയത്തിൽ കൂരമ്പുകൾ പോലെ തുളച്ചുകയറുന്നു. അയാളുടെ മനസ്സിലാകെ ഇരുടു പിടിച്ചിരിക്കുന്നു. എവിടെ കഴുകിയാൽ തീരും ഈ പാപക്കറകൾ..??
    സ്വന്തം മനസ്സാക്ഷിയോട് അയാൾക്ക് അറപ്പും വെറുപ്പും വന്നു. അയാൾ താളം തെറ്റിയ മനസ്സുമായി ആ ഇടവഴികളിലൂടെ നടന്നു. വീടും താണ്ടി റോഡിലൂടെ കുറച്ചു പിന്നിട്ടപ്പോൾ ഇടിഞ്ഞുവീണ അച്ഛന്റെ വായനശാലയുടെ മേൽക്കൂര കണ്ടു. അച്ഛൻ ഒരു പുസ്തക പ്രേമിയായിരുന്നു. 


               " ഓരോ പുസ്തകങ്ങളും ഓരോ വിശുദ്ധഗ്രന്ഥങ്ങളാവുന്നു. ഓരോ എഴുത്തുകാരും ദൈവതുല്യരാണ്. ഒരു വ്യക്തിയുടെ മനസ്സിലെ ആഴത്തിലുള്ള ചിന്തകളുടെ പ്രതിഫലനമാണ് എഴുത്ത്. ഓരോ കഥകളിലും ഓരോ സന്ദേശങ്ങൾ ഒളിഞ്ഞുകിടപ്പുണ്ടാവും. ഓരോ വാക്കുകളിലും സ്നേഹത്തിന്റെയും, ദയയുടെയും, കരുതലിന്റെയും, സഹനത്തിന്റെയും നീരുറവകൾ കാണാം. വായനാ ശീലം കൈവിടരുത് ദാസാ... അത് നിന്നെ സ്നേഹത്തോടെ ഈ ലോകത്തെ നോക്കികാണാൻ പഠിപ്പിക്കും". അച്ഛന്റെ വാക്കുകൾ നിറകണ്ണുകളോടെ ദാസൻ ഓർത്തെടുക്കുന്നു. ഈ വായനശാലയുടെ പുനർനിർമ്മാണം അതിവേഗം നടപ്പിലാക്കണം ദാസൻ മനസ്സിലുറപ്പിച്ചു. 

            ദാസൻ രാമേട്ടനോട് കാര്യങ്ങൾ രേഖപ്പെടുത്തി. 
           ഇതൊരു വിചിത്രമായ അനുഭവം തന്നെ. മാഷ് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് ഒരുപാട് സന്തോഷമാവുമായിരുന്നു. മനോജ്‌ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. രാമേട്ടന്റെ മനസ്സിൽ തട്ടിയുള്ള വാക്കുകളാണവ.

          ഒരു മാസം കൊണ്ടുതന്നെ വായനശാലയുടെ പണി പൂർത്തിയാക്കണം. പുസ്തകങ്ങളെല്ലാം ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. അതിന്റെ സജ്ജീകരണങ്ങളെല്ലാം ഞാൻ തന്നെ ചെയ്തോളാം. ദാസൻ പറഞ്ഞു. 

         ഒരു മാസത്തിനുള്ളിൽ  'കുറുപ്പുമാഷ് ഗ്രന്ഥാലയം' എന്ന വായനശാല നെയ്യാറ്റിൻകര ഗ്രാമത്തിന് ദാസൻ സമർപ്പിച്ചു. പുസ്തകങ്ങൾ സൂക്ഷിക്കാനായി അഞ്ചു മുറികളും, കൂടാതെ വായിക്കാനായി രണ്ട് വായനാമുറികളും.  ആ നാട് മുഴുവനും ദാസിനെ 'മനോജ്‌ ' എന്ന പേരിൽ സ്നേഹം കൊണ്ടു പൊതിഞ്ഞു. 

          ഒരു നട്ടുച്ച സമയം. ഭക്ഷണം കഴിച്ചു ദാസൻ പാതി മയക്കത്തിലാണ്. മയക്കത്തിനിടെ ഒരു സ്ത്രീ ശബ്ദം അയാൾ കേട്ടു. മെലിഞ്ഞു നല്ല ആകാരവടിവുള്ള സുന്ദരിയായ സ്ത്രീ. അവൾ ദാസിനെ തന്നെ തുറിച്ചു നോക്കി. 

            ഇവിടെ ബഷീറിന്റെ 'മതിലുകൾ' ഉണ്ടോ..??  അവൾ ചോദിച്ചു.. 

      അതിന്റെ ഒരു പതിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതാരെങ്കിലും എടുത്തു കാണും. ദാസൻ പറഞ്ഞു. 

        ആണോ..??  എങ്കിൽ എം.ടി യുടെ 'മഞ്ഞ് ' ആയാലും മതി. എന്നിട്ടവൾ മഞ്ഞിന്റെ ഒരു പതിപ്പ് എടുത്തു. 
    
      നിങ്ങളാണോ ഈ വായനശാലയുടെ ഉടമസ്ഥൻ..??  ഇവിടെയൊന്നും മുമ്പ് കണ്ടിട്ടില്ലാലോ..??  അവൾ ചോദിച്ചു.. 
  
       ഉടമസ്ഥൻ ഒന്നുമല്ല. നോക്കിനടത്തിപ്പുകാരൻ. വായനശാല എല്ലാ വായനകാർക്കും ഉള്ളതല്ലേ. ശെരിയാണ് ഞാൻ ഈ നാട്ടിലെ ഒരു പുതിയ അഥിതിയാണ്.  ഈ വായനശാലയുടെ പിറകിലെ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്നു. 
   

       ആ സ്ത്രീ ചിരിച്ചുകൊണ്ടു മടങ്ങി. അവർ പോയ ക്ഷണം രാമേട്ടൻ അവിടെ എത്തി.  

         രാമേട്ടാ ആരാ ആ സ്ത്രീ..??  ദാസൻ ചോദിച്ചു... 
   
       അതോ... അത് മാഷിന്റെ ഉറ്റ സുഹൃത്തായ ശങ്കരന്റെ ഇളയമകൾ സാവിത്രി...  സ്കൂൾ അധ്യാപികയാണ്. മാഷിന്റെ മകൻ ദാസനുമായി ചെറുപ്പത്തിൽ ഒരടുപ്പം അവൾക്കുണ്ടായിരുന്നത്രെ... അതാണ്‌ ഇപ്പോഴും വിവാഹം കഴിക്കാതെ ഒറ്റതടിയായി നടക്കുന്നത്. ആ കുട്ടിയുടെ ജീവിതത്തിൽ പറ്റിയ വലിയ ഒരു ബുദ്ധിമോശം എന്നേ ഞാൻ അതിനെ പറയൂ.... 

             ദാസിന് രാമേട്ടന്റെ വാക്കുകളെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അയാളുടെ മനസ്സിപ്പോൾ പൂർണ്ണതകർച്ചയുടെ വക്കിലാണ്. ശിരസ്സിൽ വലിയൊരു ഭാരം അനുഭവപ്പെടുന്നു. ഒരു തിരിച്ചുവരവ് വേണ്ടിയിരുന്നില്ലെന്ന് അയാൾക്ക്‌ തോന്നി. ആ രാത്രി ദാസിന് ഒരിക്കലും മറക്കാൻ കഴിയില്ല. മനസ്സിൽ ഒരു വിങ്ങലായി നിലനിൽക്കുന്ന സാവിത്രിയെ നേരിൽ കണ്ടതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. അവൾ കാത്തിരുന്ന ദാസേട്ടൻ താനാണെന്ന് പറയാൻ എനിക്കൊരിക്കലും കഴിയില്ല. എത്രയും പെട്ടെന്ന് ഇവിടം വിട്ട് തിരിച്ചു പോവണം. രണ്ട് ജീവനുകൾ താൻ കാരണം ബലിയാടായി. ഒരു ജീവൻ എന്നെയോർത്ത്‌ നാളെണ്ണി ജീവിക്കുന്നത് ഏറെ വിഷമകരമായ കാഴ്ചയാണ്. പാപത്തിന്റെ കണക്കുപുസ്തകത്തിൽ ഇനിയും ഏടുകൾ എഴുതിചേർക്കാൻ വയ്യ. 

            ഒരു ഒളിച്ചോട്ടം അനിവാര്യമാണ്. കുറച്ച് ദിവസത്തെ സാവകാശം വേണ്ടിവരും. ഇവിടെ കുറച്ച് സജ്ജീകരണങ്ങൾ കൂടി ബാക്കിയുണ്ട്. ഏറി വന്നാൽ രണ്ടാഴ്ച. അതിനുശേഷം യാത്ര. ദാസൻ നിശ്ചയിച്ചു കഴിഞ്ഞു. 

          രണ്ടാഴ്ച കടന്നുപോയതറിഞ്ഞില്ല. 
   വരൂ രാമേട്ടാ.... ഞാൻ കാത്തിരിക്കുകയായിരുന്നു. ഞാൻ നാളെ കാലത്ത് നാട്ടിലേക്ക് തിരിച്ചുപോവുകയാണ്. അവിടെ എനിക്ക് അത്യാവശ്യമായി കുറച്ച് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.. 

        അതിപ്പോ പെട്ടെന്നൊരു യാത്ര.. !! അൽപ്പം മനപ്രയാസത്തോടെ രാമേട്ടൻ ചോദിച്ചു. 

         'രാമേട്ടാ പ്രസ്സിന്റെ നടത്തിപ്പ് അത്ര സുഖകരമല്ല.'
  
       'ഇനി എന്നാ തിരിച്ചു വരിക..??  രാമേട്ടൻ ആകാംഷയോടെ ചോദിച്ചു. '

      'എന്നാണെന്നു നിശ്ചയമില്ല. അതൊക്കെ അവിടത്തെ സന്ദർഭത്തെ ആശ്രയിച്ചിരിക്കും. ചിലപ്പോൾ ഇനി തിരിച്ചുവന്നെന്നും വരില്ല. വായനശാല രാമേട്ടൻ നോക്കിനടത്തണം. മാഷിന്റെ ഓർമ്മയായി എന്നും നിലനിൽക്കണം. 

          ആ കാര്യത്തിൽ സന്ദേഹം വേണ്ട. ഞാൻ നോക്കിക്കോളും. നിങ്ങളുടെ വരവിനായി ഈ ഗ്രാമം കാത്തിരിക്കും. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. 

         രാവിലെ തന്നെ പോവാനുള്ള സാമഗ്രികൾ ഒരുക്കിവെച്ച് ദാസൻ ആ വീടിന്റെ കതകടച്ചു. ബാഗ് എടുത്ത് മുറ്റത്തിറങ്ങി. 
   
         കയ്യിൽ പുസ്തകവുമേന്തി സാവിത്രി അയാൾക്ക്‌ ആഭിമുഖമായി നിൽക്കുന്നു. അവളെ കണ്ട മാത്രയിൽ ദാസൻ ഒന്നു പതറി. 
        പുസ്തകം തിരികെ നൽകാൻ വന്നതാവും അല്ലേ..??  വായനശാല രണ്ട് ദിവസത്തേക്ക് തുറക്കില്ല. ഞാൻ ഇവിടെന്ന് പോവുന്നു. ഇനി രാമേട്ടനാണ് അതിന്റെ ചുമതല. 

       'നിങ്ങൾ ഇനി മടങ്ങി വരില്ലേ..?? അവൾ ചോദിച്ചു...'
  
      താഴേക്കു നോക്കി ഇല്ലെന്നു മറുപടി പറഞ്ഞു ദാസൻ യാത്ര തുടർന്നു.. 
   പിറകിൽ നിന്നും ദാസിന്റെ കൈ ആരോ പിടിച്ചു നിർത്തിയതുപോലെ തോന്നി. ദാസൻ തിരിഞ്ഞു നോക്കി. 

          അത് സാവിത്രിയുടെ കൈകളായിരുന്നു. അവൾ ദാസിന്റെ അടുത്തേക്ക് നീങ്ങി. കണ്ണിമ വെട്ടാതെ സൂക്ഷിച്ചു നോക്കി. അവളുടെ കണ്ണുകളിൽ ഒരു തീഷ്ണത അനുഭവപ്പെട്ടു. 

             ' ദാസേട്ടന് എന്നെ പൂർണ്ണമായും ഉപേക്ഷിക്കാൻ എങ്ങനെ മനസ്സുവരുന്നു. കഴിഞ്ഞ ഇരുപതുവർഷത്തെ എന്റെ കാത്തിരിപ്പ് വിഫലമായോ..?? എന്നെ ഇനിയും വേദനിപ്പിക്കണോ ദാസേട്ടാ..?? 
 ഇടറിയ ശബ്ദത്തിൽ സാവിത്രി പറഞ്ഞു. 

                 സാവിത്രിയുടെ വാക്കുകളെ ഗ്രഹിക്കാൻ ദാസിന് പെട്ടെന്ന് കഴിഞ്ഞില്ല. ഞെട്ടൽ വിട്ടുമാറാതെ ദാസൻ തുടർന്നു... 
    ഞാൻ..... ഞാൻ.... ഞാൻ..... 

        ദാസേട്ടൻ ഇനിയൊന്നും പറയണ്ട. താടിയും മുടിയും വളർത്തിയാൽ എനിക്ക് മനസ്സിലാവില്ലെന്ന് ധരിച്ചോ..??
ശാരീരികമായി ദാസേട്ടന് മാറ്റങ്ങൾ സംഭവിച്ചേക്കാം. എങ്കിലും ആ കണ്ണുകൾക്ക് കള്ളം പറയാനാവില്ല.
       
           മുമ്പ് ആ കണ്ണുകളിൽ കോപവും ഭീതിയും മാത്രമായിരുന്നു. കൗമാരവും,യൗവ്വനവും പടികടന്ന ആ കണ്ണുകളിൽ ഇപ്പോൾ സ്നേഹവും സഹിഷ്ണുതയും എനിക്ക് കാണാൻ കഴിയുന്നു. 

       സാവിത്രിയുടെ വാക്കുകൾ ഞെട്ടലോടെ ദാസൻ കേൾക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ വാക്കുകളെ തപ്പിതടയുകയാണ് അയാൾ. ഞെട്ടി വിറയ്ക്കുന്ന ആ നെഞ്ചിലേക്ക് സാവിത്രി അവളുടെ മുഖം അമർത്തി ദാസിനെ ആലിംഗനം ചെയ്തു. ദാസൻ അവളുടെ ലോലമായ തലമുടി തലോടികൊണ്ടിരിക്കുന്നു. 

     നാളിതുവരെയില്ലാത്ത പുതിയൊരു ജീവിതത്തിന്റെ 'വെട്ടം' ദാസിന്റെ മനസ്സിൽ വെട്ടിതിളങ്ങുന്നുണ്ടായിരുന്നു. 




                                                                                                      കവിക്കുറിപ്പുകൾ 
                                                                                                                         - അഞ്ജന 



Post a Comment

0 Comments