"ഇടറിയ കാൽപ്പാടുകൾ"
മുറ്റത്തെ പടുകൂറ്റൻ പ്ലാവിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഗോപാലേട്ടൻ. പ്ലാവിന്റെ അടിതൊട്ട് ചില്ലകൾതോറും അവിടെയിവിടെയായി കുറേ ചക്കകൾ കൂട്ടംകൂടി നിൽക്കുന്നത് കാണാം. മുറ്റത്ത് ഒരു സ്ഥലംമുടക്കിയായി നില്ക്കുന്നതുകൊണ്ടാവാം ഇത് മുറിക്കാൻ വീട്ടുകാർ തീരുമാനിച്ചത്. വീട്ടുകാരെന്നുവെച്ചാൽ ഗോപാലേട്ടനും, മകനും, മകന്റെ ഭാര്യയും പിന്നെ അദ്ദേഹത്തിന്റെ പേരക്കുട്ടിയും. ഭാര്യ മരിച്ചിട്ട് പത്തിരിപത്തഞ്ചു കൊല്ലം തികയുന്നു. പ്ലാവ് മുറിച്ചുമാറ്റുന്നതിനോട് ഗോപാലേട്ടന് യാതൊരു താല്പ്പര്യവുമില്ല. ഇതെല്ലാം അദ്ദേഹം വേരൂന്നിവളർത്തിയ വൃക്ഷങ്ങളാണ്. ചാണകത്തിനും വെണ്ണീരിനുമൊപ്പം തന്റെ വിയർപ്പുതുള്ളികൾ കൂടി വളമാക്കിയ വൃക്ഷങ്ങൾ. പാടത്തും പറമ്പിലും ധാരാളം വേറെയും കാണാം. മാവും, പ്ലാവും, വാഴയും, അടയ്ക്കാമരവും അങ്ങനെ കുറെയേറെ.
അല്ലെങ്കിലും ചക്കയോട് ആർക്കും പഴയ ഭ്രമം ഒന്നുമില്ല. പിന്നെ ഇതുവെറുതെ കായ്ച്ചിട്ടു കാര്യമില്ല. പ്ലാവിന്റെ തടിക്ക് നല്ല വില കിട്ടുമായിരിക്കും. തടിയുടെ കാതൽ കുറവാണെങ്കിലും വില അത്രക്കൊന്നും കുറയാൻ പോണില്ല. അദ്ദേഹം സ്വയം പിറുപിറുക്കുകയാണ്.
ഗോപാലൻ എന്നുവെച്ചാൽ ഗോക്കളെ പാലിക്കുന്നൻ. ആ പേര് അർത്ഥവത്താക്കുന്ന പ്രവൃത്തിയായിരുന്നു അദ്ദേഹത്തിന്റെത്. 'അമ്മു' എന്നൊരു സുന്ദരി പശു അയാൾക്കുണ്ട്. അവളുടെ കഴുത്തിൽ ഗോപാലേട്ടൻ ഒരു കുടമണി കെട്ടികൊടുത്തിട്ടുണ്ട്. അവൾ നടക്കുമ്പോൾ ആ മണിയുടെ ശബ്ദം ഒരു താളത്തിലെന്നപോലെ കേൾക്കാം. പാടത്തു കിളയ്ക്കുമ്പോൾ ഗോപാലേട്ടൻ അവളെ കയറൂരി വിടാറാണ് പതിവ്. കഴുത്തിലെ മണിയുടെ ശബ്ദം കേട്ടാലറിയാം അവൾ എവിടെയുണ്ടെന്ന്.
അതൊരു മാമ്പഴക്കാലമായിരുന്നു. പറമ്പിലെ മൂവാണ്ടൻ മാവ് നിറയെ കായ്ച്ചിരിക്കുന്ന സമയം. രണ്ടുമൂന്ന് മാമ്പഴം കഴുകി ചെത്തിയരിഞ്ഞ് ഗോപാലേട്ടൻ തന്റെ പേരക്കുട്ടിയെ വിളിച്ചു.
'ഉണ്ണീ...... ഉണ്ണീ..... ':-
'എന്താ മുത്തച്ഛാ..?? :-'
നീ ഇങ്ങോട്ടൊന്നു വാ... ഇതൊന്നു രുചിച്ചു നോക്കൂ. തേനിനെ വെല്ലുന്ന മധുരമാ. ഒരു തുണ്ട് മാമ്പഴം തന്റെ പേരക്കുട്ടിക്ക് കൊടുത്തു.
'മൂവാണ്ടനാ നല്ല രുചിയാ'.... അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു...
അവനതു കഴിക്കാൻ തുടങ്ങിയപ്പോഴേക്കും അവന്റെ അമ്മ അത് തട്ടിപ്പറിച്ചു വാങ്ങി. വെറുപ്പുളവാക്കുന്ന മുഖംകൊണ്ട് അവർ മകനെയും ഗോപാലേട്ടനെയും തുറിച്ചു നോക്കി.
ചാണകവും ചെളിയും വാരുന്ന കൈകൾ കൊണ്ടാണ് ഇത് നിനക്ക് തന്നത്. കൈകഴുകിയോ ഇല്ലയോ എന്നാരുകണ്ടു.. നിനക്ക് മാമ്പഴം വേണമെങ്കിൽ ഞങ്ങളോട് പറഞ്ഞാൽ പോരെ. നല്ല ഫ്രഷ് മാമ്പഴം കടയിൽ കിട്ടുമല്ലോ. ഇങ്ങനെ വൃത്തിഹീനമായ കൈകൾകൊണ്ട് തരുന്നത് കഴിച്ചാൽ അസുഖം വല്ലതും പിടിക്കും. അതും പറിഞ്ഞു അവർ ആ മാമ്പഴ കഷ്ണം ദൂരെക്ക് വലിച്ചെറിഞ്ഞു..
അവളുടെ വാക്കുകൾ ഗോപാലേട്ടന്റെ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചു. തന്റെ കയ്യിലിരുന്ന മാമ്പഴ കഷ്ണം പത്രത്തിൽ തന്നെ വെച്ചു. എന്നിട്ട് അവർ ദൂരെക്കെറിഞ്ഞ ആ മാമ്പഴത്തെ സൂക്ഷിച്ചുനോക്കിയിരുന്നു.
'അവർക്കറിയില്ലല്ലോ വലിച്ചെറിഞ്ഞത് കേവലം മാമ്പഴ കഷ്ണം മാത്രമല്ല, മറിച്ച് മുത്തച്ഛന് തന്റെ പേരക്കുട്ടിയോടുള്ള സ്നേഹവാത്സല്യം കൂടിയാണ് അതെന്ന്.
ഗോപാലേട്ടൻ തൊഴുത്തിലെ അമ്മുവിന്റെ അടുത്ത് ചെന്നു. അവൾക്കൊരുപിടി വൈക്കോൽ ഇട്ടുകൊടുത്തു. എന്നിട്ട് സ്നേഹത്തോടെ അവളുടെ ശിരസ്സിൽ തലോടികൊടുത്തു. അതവൾക്ക് ഒരുപാട് ഇഷ്ടമാണ്. അപ്പോൾ സ്നേഹപ്രകടനമെന്നവണ്ണം അവൾ കഴുത്തിലെ മണി കിലുക്കി കൊമ്പ് കുലിക്കികൊണ്ടേയിരിക്കും.
മേട മാസമായതുകൊണ്ട് തന്നെ വെയിലിന്റെ ചൂട് അസഹ്യമാണ്. ഉച്ചയായപ്പോൾ പറമ്പിൽ നിന്ന് തൂമ്പയുമായി ഗോപാലേട്ടൻ വീട്ടുമുറ്റത്തെത്തി. രണ്ട് കാറിലായി കുറച്ചുപേര് മുറ്റത്ത് വന്നിറങ്ങി. ഗോപാലേട്ടന്റെ മകന്റെ സുഹൃത്തുക്കളായിരുന്നു അത്. വന്നവരെ ശെരിക്കും മനസിലാവാത്ത ഭാവത്തിൽ കയ്യിലുള്ള തൂമ്പയും പിടിച്ച് അയാൾ നോക്കിനിന്നു. മുറുക്കി ചുവന്ന ചുണ്ടുകൾ മലർത്തി ഒന്നു പുഞ്ചിരിച്ചു. അപ്പോഴേക്കും മകന്റെ ഭാര്യ ഉമ്മറത്തെത്തി. വന്നവരിൽ ഒരുവൻ അവരോട് ഈ വൃദ്ധൻ ആരാണെന്നു തിരക്കി.
ഒരു മടിയും കൂടാതെ അവർ പറഞ്ഞു :-
' ഇവിടത്തെ പണിക്കാരനാണ്. പറമ്പിൽ കിളച്ചു വരുന്ന വഴിയാണ്.'
ഒരു നിമിഷം ഗോപാലേട്ടന്റെ ഹൃദയം സ്തംഭിച്ചതുപോലെ തോന്നി. അദ്ദേഹത്തിന്റെ കണ്ണുകൾ പ്രതികരിച്ചു തുടങ്ങി. കണ്ണുനീർ ഒരു നീർചാലിൽ നിന്നൊഴുകുന്ന പോലെ അയാളുടെ കവിൾതടങ്ങളെ നനച്ചുകൊണ്ടേയിരുന്നു.
അന്നത്തെ ആ രംഗം ഉറക്കംകെടുത്തുന്ന സ്വപ്‌നമായി ഗോപാലേട്ടന്റെ മനസ്സിനെ നിരന്തരം അലട്ടികൊണ്ടേയിരുന്നു.
ദിവസങ്ങളങ്ങനെ കടന്നുപോയി. ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചു കിടന്ന ഗോപാലേട്ടന് ദേഹാസ്വസ്ഥo അനുഭവപ്പെട്ടു. തൊണ്ട വറ്റിവരണ്ട പോലെ തോന്നി. അദ്ദേഹം കുറച്ച് വെള്ളം കുടിക്കാനായി മുറി തുറന്ന് പുറത്തേക്കു വന്നു. മുകളിലത്തെ മകന്റെ മുറിയിലെ വെളിച്ചം അണച്ചിട്ടില്ല. നേരം ഇത്ര വൈകിയിട്ടും ഉറങ്ങാത്തതിന്റെ കാര്യം തിരക്കാനായി ഗോപാലേട്ടൻ അവരുടെ മുറിയുടെ അടുത്തെത്തി. അവർ ഗൗരവമായ എന്തോ ചർച്ചയിലാണ്.
എത്രയും പെട്ടെന്ന് തന്നെ പേപ്പറുകളെല്ലാം ശെരിയാക്കണം. മകന്റെ ഭാര്യയുടെ ശബ്ദമാണത്. പറ്റുമെങ്കിൽ നാളെ തന്നെ നോക്കാം. ഇനിയും നീട്ടികൊണ്ടുപോയാൽ ശെരിയാവില്ല. അച്ഛനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം.
ഇതെല്ലാം കേട്ട ശേഷം മറുപടിയെന്നവണ്ണം അദ്ദേഹത്തിന്റെ മകൻ ഇങ്ങനെ പറഞ്ഞു :-
' അതിപ്പോ വൃദ്ധസദനത്തിലേക്കാണ് അച്ഛനെ കൊണ്ടുപോന്നതെന്നറിഞ്ഞാൽ അച്ഛൻ സമ്മതിക്കുമോ..??'
അതെന്തിനാ സമ്മതിക്കാതിരിക്കുന്നേ.. അച്ഛന് വല്യ സന്തോഷമാവുമായിരിക്കും. അച്ഛനെ പോലുള്ള ആളുകൾ അവിടെ ധാരാളം ഉണ്ടല്ലോ. അവരോട് മിണ്ടിയും പറഞ്ഞും ഇരിക്കാലോ. മാത്രവുമല്ല അച്ഛൻ ഒരു പഴഞ്ചൻ ചുറ്റുപാടിൽ വളർന്നതുകൊണ്ടുതന്നെ നമ്മളോട് ജീവിച്ചു പോരുന്നതിൽ എനിക്കത്ര യോജിപ്പില്ല. അവർ പറഞ്ഞു.
ഇന്നലെ മഹിളായുവമോർച്ചയുടെ സെക്രട്ടറിയും അംഗങ്ങളായ കുറച്ച് സ്ത്രീകളും ഇവിടെ വന്നിരുന്നു. മുറ്റത്തൊരു വശത്തായി കന്നുകാലി തൊഴുത്തുള്ളത് ഭയങ്കര ശല്യം തന്നെ. ചാണകത്തിന്റെ ദുർഗന്ധം സഹിക്കാൻ പറ്റുന്നില്ലെന്ന പരാതിയായിരുന്നു അവർക്ക്. ഇത്രയും വലിയ വീട്ടിൽ പഴഞ്ചൻ കാലിതൊഴുത്തും പശുവുമൊക്കെ നമ്മുടെ അന്തമസ്സിന് ചേർന്നതാണോ..?? ഇതൊക്കെ നമുക്കൊരു കുറച്ചിൽ തന്നെയാണ്. രോക്ഷാകുലമായ ശബ്ദത്തിൽ അവർ പറഞ്ഞു.
ഇതൊക്കെ കേട്ടുകൊണ്ട് മുറിക്ക് പുറത്ത് പാതി ജീവനുമായി ഗോപാലേട്ടൻ നിൽക്കുകയാണ്. കേട്ട വാക്കുകൾ സത്യമാണോ സ്വപ്‌നമാണോ എന്ന് മനസ്സിലാക്കാൻ പറ്റാതെ ചേതനയറ്റ ശരീരവുമായി അദ്ദേഹം കുറച്ച് നേരം അനങ്ങാതെ നിന്നു. മുറിയിൽ ചെന്ന ശേഷം നിലതെറ്റിയ മനസ്സുമായി അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടേയിരുന്നു.
എന്റെ മകൻ എന്നെ വൃദ്ധസദനത്തിലേക്ക് കൊണ്ടുപോവുന്നത് കാണാനുള്ള ത്രാണി എനിക്കില്ല. അതിനുമുമ്പേ ഞാൻ ഇവിടെന്നു യാത്രയാവണം. ഉറച്ചമനസ്സിൽ നിന്നുള്ള ഒരു തീരുമാനമായിരുന്നു അത്.
പിറ്റേ ദിവസം തന്നെ ഒരു പശുക്കച്ചവടക്കാരൻ അവിടെ എത്തി. ഗോപാലേട്ടൻ വിളിച്ചിട്ടു വന്നതായിരുന്നു. അയാളെ കണ്ടയുടൻ ഗോപാലേട്ടൻ തൊഴുത്തിൽ നിന്നും അമ്മുവിന്റെ കയറഴിച്ചു അയാൾക്ക് നൽകി.
' നാൽക്കാലിയാണേലും വീട്ടിലെ ഒരoഗത്തെപ്പോലെയാണ് ഇവളെനിക്ക്. വർഷങ്ങൾക്കു മുമ്പ് ഒരു കന്നുകാലി ചന്തയിൽ നിന്നും വാങ്ങിയതാണ്. അന്നിവൾ ഒരു കൊച്ചു പൈക്കിടാവായിരുന്നു. ഇപ്പോൾ ഒരു കറവ പശുവായി. പാല് തരുന്ന കാര്യത്തിൽ കേമത്തിയാണ്. കുത്തോ,ചവിട്ടോ അങ്ങനത്തെ കുറുമ്പുകളൊന്നുമില്ല. എവിടെ കെട്ടിയാലും പുല്ലൊക്കെ തിന്നു വെടിപ്പാക്കിതരും. ഗോപാലേട്ടൻ അമ്മുവിന്റെ കാര്യങ്ങൾ ഓരോന്നായി ഓർത്തെടുക്കാൻ തുടങ്ങി. അദ്ദേഹം അവളുടെ ശിരസ്സിൽ തലോടി. പതിവുപോലെ അവൾ ആ തലോടലിൽ കൊമ്പുകുലുക്കിയില്ല. അവൾക്കറിയാമായിരിക്കാം ഗോപാലേട്ടൻ തന്നെ പാടേ ഉപേക്ഷിക്കുകയാണെന്ന്..
'അമ്മൂ... പോയിട്ട് വാ മോളെ... ' അതും പറഞ്ഞ് അവളെ ആ കച്ചവടക്കാരന് നൽകി. അയാൾ അമ്മുവിന്റെ കയറും പിടിച്ച് നല്ലൊരു തുക ഗോപാലേട്ടന് നൽകി യാത്രയായി. അമ്മുവിന്റെ കുടമണിയുടെ ശബ്ദം ഗേറ്റും കടന്ന് റോഡിലേക്ക് നീങ്ങി. ദൂരം പിന്നിടുന്തോറും ശബ്ദം കുറഞ്ഞ് കുറഞ്ഞ് ശൂന്യമായി. ഒഴിഞ്ഞ കാലിതൊഴുത്തിലേക്ക് നോക്കാൻ ഗോപാലേട്ടന് മനശക്തിയുണ്ടായിരുന്നില്ല.
അദ്ദേഹം പറമ്പിന്റെ തെക്കുഭാഗത്തു തന്റെ ഭാര്യയെ അടക്കം ചെയ്ത അസ്ഥിമാടത്തിനു സമീപത്തെത്തി. ഓർമ്മകൾ പുതുക്കാനാണോ, യാത്ര പറയാനാണോ എന്നറിയില്ല കുറച്ച് നേരം പറമ്പിൽ കുത്തിയിരുന്നു. ശേഷം പടിയിറങ്ങാനാരംഭിച്ചു. പറമ്പിലെ വൃക്ഷങ്ങളിലൂടെ ഒന്നു കണ്ണു പായിച്ചു. പ്രകൃതിയുടെ പ്രതിഭാസങ്ങളായ മഴയും വെയിലും മാറി മാറി വരുന്നതുകൊണ്ടുതന്നെ നിങ്ങൾക്ക് ജീവിക്കാൻ സാധിച്ചേക്കും. അദ്ദേഹം മനസ്സിൽ മന്ത്രിച്ചു. എന്നിട്ട് പതിയെ നടന്നു.
ഗേറ്റിനരികിലെത്തിയ ഗോപാലേട്ടൻ വീട്ടിലേക്കു തിരിഞ്ഞു നോക്കി. വർഷങ്ങൾക്കു മുമ്പ് ഓട് വെച്ച ഒറ്റ മുറിയുള്ള ചെറിയ കൂരയായിരുന്നു ഇത്. ഇന്നത് മണിമാളിക പോലെ ഉയർന്നു പൊങ്ങിയിരിക്കുന്നു. നിലത്ത് പലവർണ്ണത്തിലുള്ള ഗ്രാനൈറ്റ് പതിച്ചിരിക്കുന്നു. മുറ്റത്ത് ആഡംബര കാർ. എല്ലാത്തിലും പുതുമയുടെ മണം പരന്നിരിക്കുന്നു. പഴയതായി ഞാൻ മാത്രം അവശേഷിച്ചിരിക്കുന്നു. അതാവും അവർ എന്നെ ഉപേക്ഷിക്കാൻ നിർബന്ധിതരായത്. ആരോടെന്നില്ലാതെ ഗോപാലേട്ടൻ തനിയെ പറയുകയാണ്.
മുപ്പത്തഞ്ചു വർഷങ്ങൾക്കുമുമ്പ് തൂമ്പയുമായി പറമ്പിലേക്ക് പോവുന്ന തന്റെ തോളിൽ കയറിയിരുന്നു കുസൃതികളിക്കുന്ന മകൻ, അതുകണ്ട് പുഞ്ചിരിക്കുന്ന ഭാര്യ. നോവുന്ന മനസ്സിന് സ്വാന്തനമേകാൻ ആ തെളിഞ്ഞ ചിത്രം മനസ്സിന്റെ കോണിൽ ഗോപാലേട്ടൻ പതിപ്പിച്ചു വെച്ചു. യാത്ര തുടർന്നു.
അദ്ദേഹത്തിന്റെ കണ്ണുകളിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. നനവാർന്ന കൺപീലികൾ. പ്രകൃതിയെ ഒരുപാട് സ്നേഹിച്ച അദ്ദേഹത്തിന്റെ കണ്ണിമകൾ നനയുന്നത് കണ്ടിട്ട് അവൾക്കു സഹിച്ചില്ല. ഘോര ഘോരമായ ഇടിയുടെ അകമ്പടിയോടെ തീരാനോവിന്റെ പേമാരിയായി അവൾ പെയ്തിറങ്ങി. നനഞ്ഞ മണ്ണിലൂടെ അദ്ദേഹത്തിന്റെ 'ഇടറിയ കാൽപ്പാടുകൾ' എങ്ങോട്ടെന്നില്ലാതെ നടന്നു നീങ്ങുന്നു...
0 Comments