Join Our Whats App Group

" ഞാനുണ്ട് കൂടെ " എന്നൊരു വാക്ക് ( രചന: അനാമിക)

 " ഞാനുണ്ട് കൂടെ " എന്നൊരു വാക്ക്



അവൾ ആ ദിവസങ്ങളിൽ....
തലയിണ വയറിനോട് ചേർത്ത്, ഭിത്തിക്കഭിമുഖമായി കിടന്ന, പുതപ്പ് കൊണ്ട് വാ പൊത്തി അവൾ വേദന കടിച്ചമർത്തി. ഇരു കാലുകളും കൊണ്ട് തലയിണയിലേക്ക് ശക്തി കൊടുത്തിട്ടും അവൾക്ക് ആ വേദന അസഹ്യമായി തോന്നി.... " ഈശ്വരാ... ഈ രാത്രി എങ്ങനെ വെളുപ്പിക്കും..... " ആമി മനസ്സിൽ പറഞ്ഞു. ഋതുമതിയായ വയസ് മുതൽ തുടങ്ങിയതാണ് തനിക്കീ വയറു വേദന... ഹൊ ! ഇതൊരു ദുരിതം തന്നെ... സത്യത്തിൽ എന്തിനാണ് ഈ വേദനകൾ സ്ത്രീകൾ മാത്രം സഹിക്കുന്നത്..... ഇതൊന്നും ഇല്ലായിരുന്നെങ്കിൽ എത്ര മനോഹരമാണ് ഈ ജീവിതം... എന്തൊക്കെയോ ചിന്തകൾ ആമിയുടെ മനസിലൂടെ പാഞ്ഞിറങ്ങി പോയി.
ഉറക്കത്തിനിടയിൽ എവിടെയോ അമർത്തിയുള്ള തേങ്ങി കരച്ചിൽ കേട്ടാണ് രാജ് ഉണർന്നത്. " ആമി... എന്ത് പറ്റി... " ബെഡ് സൈഡ് ലാംപ് ഇട്ടു കൊണ്ട് അയാൾ വീണ്ടും വിളിച്ചു. " ആമി.... " ആമി തിരിഞ്ഞു, ഏട്ടനും അഭിമുഖമായി കിടന്നു. താൻ കാരണം ഏട്ടൻ ഉണർന്നുവെന്നുള്ള കുറ്റബോധം അവളുടെ മുഖത്തുണ്ടായിരുന്നു. " കുട്ടേട്ടൻ കിടന്നോളൂ.... ഒന്നുല്ല... " ആമിയുടെ തളർന്ന സ്വരം കുട്ടേട്ടനെ വേദനിപ്പിച്ചു. അയാൾ അവളുടെ നെറുകയിൽ തലോടി.
" നിനക്ക് ചൂടുവെള്ളം എന്തെങ്കിലും വേണോ... " " വേണ്ട.... കുട്ടേട്ടൻ കിടന്നോളൂ... ഇതിപ്പോ മാറിക്കോളും " ആമിയുടെ ശബ്ദം വേദനയിൽ വാടി പോയിരുന്നു. കുട്ടേട്ടൻ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. പത്തു മിനിറ്റിനുള്ളിൽ ചൂടുവെള്ളം നിറച്ച ഹോട്ട വാട്ടർ ബാഗുമായി മുറിയിലെത്തി. ആമിയുടെ അടിവയറിലേക്ക് അവൻ ഹോട്ട വാട്ടർ ബാഗ് പതിയെ പതിയെ വച്ച് കൊടുത്തുകൊണ്ടിരുന്നു . നിമിഷങ്ങൾക്കകം എന്തോ ഒരു ആശ്വാസം ആമി അറിഞ്ഞു... അവളുടെ കണ്ണുകൾ നിറഞ്ഞു..... കുട്ടേട്ടന്റെ കൈകൾ സ്വന്തം കൈ കുമ്പിളിലാക്കി അവൾ ചുണ്ടോട് ചേർത്തു. " എന്തെ... " കുട്ടേട്ടൻ പുഞ്ചിയോടെ ചോദിച്ചു.... " ഒന്നുല്ല..... " അവൾ പുഞ്ചിരിച്ചു. കുട്ടേട്ടൻ അവൾക്കരികിലായി വന്നു കിടന്നു. ആമി അവളുടെ കുട്ടേട്ടന്റെ മാറിലേക്ക് ചാഞ്ഞു.... അവൻ അവളെ മുറുകെ പുണർന്നു.. ഈ ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് താനെന്ന് ആമി അറിഞ്ഞു.... അവൾ കണ്ണുകളടച്ചു കിടന്നു..... ആ രാത്രി വെളുക്കാതിരിക്കാൻ... സത്യത്തിൽ ഇത്രയൊക്കെയേ ഒരു പെണ്ണ് ആഗ്രഹിക്കുന്നുള്ളൂ അല്ലെ..... അതല്ലാതെ... വിവാഹം കഴിഞ്ഞ് കേവലം രണ്ടു ദിവസത്തിനുള്ളിൽ പെണ്ണിന്റെ, പേരിന്റെ പുറകിൽ അധികാരത്തോടെ കയറി പറ്റി..... സ്വന്തം സുഖത്തിനും താല്പര്യത്തിനും മാത്രമാണ് ഭാര്യ എങ്കിൽ എത്ര ദുരിതമാണ് ജീവിതം.
തളർന്ന് പോകുമ്പോൾ.... വേദനകൾ ശരീരത്തെയും മനസിനെയും ബാധിക്കുമ്പോൾ... തോളിൽ ചേർത്ത് നിർത്തി " ഞാനുണ്ട് കൂടെ " എന്നൊരു വാക്ക്.

-അനാമിക 

Post a Comment

0 Comments