Join Our Whats App Group

"ദൈവത്തിന്റെ മാലാഖ"

   "ദൈവത്തിന്റെ മാലാഖ"

        

            ഓർമ്മയിൽ ഇപ്പോഴും മായാതെ കിടപ്പുണ്ട് ആ ഹോസ്പിറ്റൽ ദിനരാത്രങ്ങൾ.വല്യമ്മയ്ക്ക് കടുത്ത പനി. ഡോക്ടർ പരിശോധനക്ക്  ശേഷം ഒരു ദിവസം വാർഡിൽ തങ്ങാൻ പറഞ്ഞു. രക്തത്തിലെ കൗണ്ട്  കുറച്ച് കുറവാണ്. ഞാനും വല്യമ്മയും മുകളിലത്തെ ആറാം നമ്പർ മുറിയിൽ സ്ഥാനമുറപ്പിച്ചു. മുറിയുടെ വാതിൽ പാതി ചാരിവെച്ചു. ക്ഷീണം കൊണ്ടാവാം വല്യമ്മ പതിയെ മയക്കത്തിലേക്ക് നീങ്ങി. പെട്ടെന്ന് മുറിയുടെ പുറത്തുനിന്നു ഒരു ഗാoഭീര സ്വരം കേട്ടു. വല്യമ്മ ഞെട്ടി എഴുനേറ്റു... 

       "ആരാ അത്..?? വല്യമ്മ ചോദിച്ചു.

      "എനിക്കറിയില്ല വല്യമ്മേ..;  ഞാൻ
പറഞ്ഞു. 

ഞാൻ മുറിയുടെ വാതിൽ മുഴുവനായി തുറന്നു. ഒരു സ്ത്രീ, സാമാന്യo തടിയുണ്ട്. ഒരു അമ്പത്തഞ്ചു വയസ്സ് കാണുമായിരിക്കും. പരുപരുത്ത ശബ്ദത്തിൽ പാട്ടുപാടി വരാന്തയിലൂടെ ഉലാത്തികൊണ്ടിരിക്കുന്നു. ആ പാട്ട് ഞാൻ ഇതുവരെ കേട്ടിട്ടുപോലുമില്ല.ഇനി അവരുതന്നെ ഉണ്ടാക്കിയ പാട്ടാണോ അതെന്നും അറിയില്ല. ഞാൻ നോക്കുന്നത് കണ്ട് ആ സ്ത്രീ പാട്ടു നിർത്തി എന്റെ അരികിലേക്ക് വന്നു. അവർ സുന്ദരിയാണ്, സാമാന്യo വെളുത്ത നിറം. മൂക്കുത്തി കുത്തിയിട്ടുണ്ട്. മുഖത്ത്‌ ഒരു ഉത്തരേന്ത്യൻ ഛായ.

  "മോളെന്താ ഒറ്റയ്ക്ക് നിൽക്കുന്നെ..?? 
അവർ എന്നോട് ചോദിച്ചു :-

 "ഞാൻ എന്റെ വല്യമ്മേന്റെ കൂടെ വന്നതാ... 

എന്നിട്ടവർ വല്യമ്മയെ നോക്കി മുറിയിലേക്ക് പ്രവേശിച്ചു. 
    'ഇത് മോളാണോ..??':- അവർ ചോദിച്ചു... ;-

'മോളല്ല... എന്നാൽ മോളാണ്. വല്യമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു;-'

അവർ വല്യമ്മയോട് ചില കുശലാന്വേക്ഷണങ്ങൾ നടത്തി. അവരുടെ പരുപരുത്ത ശബ്ദം മുറിയിൽ ഒരു കോളിളക്കം സൃഷ്ട്ടിച്ചു. കുറച്ച് സമയം കഴിഞ്ഞ് അവർ മുറിയിൽ നിന്നും പോയി. 

 'എന്തൊരു ഭീമമായ ശബ്ദമാ അവരുടേത്... കേട്ടിട്ട് ഞാൻ പേടിച്ചുപോയി. വല്യമ്മ പറഞ്ഞു. 

  ഉച്ചയൂണും കഴിഞ്ഞ് ഞാനും വല്യമ്മയും കുറെ വർത്തമാനം പറഞ്ഞു.മരുന്നു കഴിച്ച ക്ഷീണത്തിൽ വല്യമ്മ തനിയെ ഉറങ്ങിപോയി.ഒറ്റക്കിരുന്നു മുഷിഞ്ഞപ്പോൾ ഞാൻ മുറിയുടെ വെളിയിൽ പോയി.ഞങ്ങളുടെ മുറി കഴിഞ്ഞ് മൂന്നാമത്തെ മുറി അവരുടേതാണ്.അവർ മുറിക്ക് വെളിയിൽ നിന്ന് തലമുടിചീകി  ഒതുക്കി  വെക്കുന്നു. അപ്പോഴും എവിടെയും കേൾക്കാത്ത ഏതോ പാട്ടിന്റെ ഈരടികൾ മൂളികൊണ്ടിരിക്കുന്നു. എന്നെ കണ്ട ക്ഷണം അവർ അടുത്തേക്ക് വിളിച്ചു.എന്നെ അവർ മുറിയിലേക്ക് ക്ഷണിച്ചു.

  ഞങ്ങളുടെ മുറിയെക്കാളും വിശാലതയുള്ള മുറി. കാറ്റും വെളിച്ചവും വരാൻ കുറെ ജനലഴികൾ.അവിടെ കട്ടിലിൽ ഒരു വൃദ്ധയായ സ്ത്രീ മലർന്നുകിടക്കുന്നു. വെള്ളം നിറച്ച കട്ടിലാണത്. 

  'ആരാ അമ്മയാണോ..?? .  ഞാൻ ചോദിച്ചു..;-

 'അല്ല ഉമ്മയാണ് അവർ പറഞ്ഞു..;-

ഞാൻ ആ കട്ടിലിനടുത്ത്  ചെന്നിരുന്നു.പ്രാർത്ഥനയുടെ പരിപൂർണ്ണമായ അടയാളം നെറ്റിയിലെ നിസ്കാരതയമ്പിൽ നിന്നും എനിക്ക് കാണാൻ കഴിഞ്ഞു. പുരാതന മുസ്‌ലിം സ്ത്രീകളിൽ കാണുന്ന പോലെ ഒരു ചെവിയിൽ ആറോ അഞ്ചോ വളയങ്ങൾ പോലെത്തെ കമ്മലുകൾ. വാർദ്ധക്യം  പടിവാതിക്കൽ എത്തിയിട്ടും യൗവനത്തിന്റെ പാടുകൾ മുഖത്ത്  അവിടെയിവിടെയായി കാണാം.തിളക്കമാർന്ന മുഖം.അല്ലെങ്കിലും 'ഈശ്വരനുമുമ്പിൽ ശിരസ്സുനമിക്കുന്നവരുടെ മുഖത്തിന് വല്ലാത്തൊരു തിളക്കമായിരിക്കും'.. 
അവനിലെ പ്രഭ എപ്പോഴും അവരിൽ വർഷിക്കുന്നതുകൊണ്ടാവാം. 

 അവർ പാതി മയക്കത്തിലാണ്. നേർത്ത മൃദുവായ കൈകൾ. വെളുത്തിരിക്കുന്നതുകൊണ്ടാവാം പച്ച നിറത്തിലുള്ള ഞരമ്പുകൾ തെളിഞ്ഞു കാണാം. ഞാൻ അവരുടെ കൈകളിൽ സ്പർശിച്ചു. എന്നിട്ട് മനസ്സിൽ ഇങ്ങനെ മന്ത്രിച്ചു. 'ദൈവം ചുംബിക്കുന്ന കരങ്ങളാണിവ'. അവർ കണ്ണുകൾ ഒരു കോണിലേക്ക് ചരിച്ച്  എന്നെ നോക്കി. കണ്ണുകളിൽ വല്ലാത്തൊരു പ്രകാശം.  പതിഞ്ഞ ശബ്ദത്തിൽ ആ ഉമ്മ ഇങ്ങനെ പറഞ്ഞു.. ;-

'ന്റെ  ആമിനാന്റെ  കുട്ടി.. ':-

എനിക്കൊന്നും മനസ്സിലായില്ല. 

  ഇതെല്ലാം നിരീക്ഷിച്ചുകൊണ്ട് ആ സ്ത്രീ പറഞ്ഞു.. 
ആമിന ഉമ്മാന്റെ മകളാണ്.. അവരുടെ കുട്ടിയാണ് മോളെന്നു വിചാരിച്ചു കാണും. ഇവരുടെ ഓർമ്മകളൊക്കെ ക്ഷയിചിരിക്കുന്നു. ആരെയും കണ്ടാൽ മനസ്സിലാവില്ല. എന്നാലും മക്കളെയും ഭർത്താവിനെയും ഇടക്കൊക്കെ ഓർമ്മവരും. അവരെ കുറിച്ച് ഓരോന്ന് ചോദിക്കും.ഞാൻ ഓരോരോ കള്ളങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറും. അവരത് വിശ്വസിക്കും.

ഇവരുടെ  മക്കളും ഭർത്താവുമൊക്കെഎവിടെയാ..??;-'

മക്കളൊക്കെ വിദേശത്താണ്. അവിടെ കുടുംബമായി ജീവിക്കുന്നു. ഭർത്താവ് മരിച്ചിട്ട് കുറച്ചായി. അതവർ ഇപ്പോഴും അറിയില്ല. ഓർമ്മവരുമ്പോൾ അയാളെ കുറിച്ച് ഓരോന്ന് പറയും. അയാളുടെ മരണശേഷം ഇവരെ വല്ല വൃദ്ധസദനത്തിലോ മറ്റോ ഏൽപ്പിക്കാനായിരുന്നു മക്കളുടെ ശ്രമം. വയ്യാതായപ്പോൾ പാലിയേറ്റിവിൽ ഏൽപ്പിക്കാൻ നോക്കി. ഒരു തരത്തിൽ കരഞ്ഞു പറഞ്ഞപ്പോൾ ഇവരെ എനിക്ക് വിട്ടുതന്നു.

 'അതിന്  നിങ്ങൾക്കിവരെ നേരത്തെ അറിയോ..?? :-'

   ഒരു നെടുവീർപ്പിന്റെ താളത്തോടെ അവർ പൂർവ്വകാലസ്മൃതികൾ ഒന്നൊന്നായി ഓർത്തെടുത്ത്  പറയാൻ തുടങ്ങി. ഒരു കാലത്ത് ഇവർ എനിക്ക് ഒരുപാട് സഹായങ്ങൾ ചെയ്തിരുന്നു. ഭക്ഷണമായിട്ടും, പണമായിട്ടും  കയ്യും  മെയ്യുമറിഞ്ഞു  സഹായിച്ചു. ഇവരുടെ ഭർത്താവും നല്ല മനുഷ്യനായിരുന്നു. മക്കളെയൊക്കെ പഠിപ്പിച്ചു വലിയ നിലയിൽ എത്തിച്ചു. ഒടുക്കം അവർ വലുതായപ്പോൾ ഇവരൊരു ബാധ്യതയായി. എനിക്കിവരെ ഉപേക്ഷിക്കാൻ കഴിയില്ല. മക്കളൊക്കെ ഇടയ്ക്കു വിളിച്ചു സുഖന്വേക്ഷണങ്ങൾ നടത്തും. ഞാൻ മുമ്പും കുറെ വീടുകളിലെ വൃദ്ധൻമാരെ നോക്കിയിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ എനിക്കിതൊരു ഭാരവുമല്ല.

 'നിങ്ങളുടെ കുടുംബമൊക്കെ എവിടെയാ..?? :-

  എനിക്ക് കുട്ടികളില്ല. കല്യാണം കഴിഞ്ഞിട്ട് മുപ്പത് വർഷം കഴിഞ്ഞു. ഭർത്താവ് നേരത്തെ മരിച്ചു. പിന്നെ ഞാൻ ഇങ്ങനെ ഓരോ വീടുകളിൽ ജോലിക്കാരിയായി നിന്നു. ജീവിതത്തിന്റെ പകുതിയോളം ഈ ഉമ്മയോടൊപ്പമായിരുന്നു. 

  ഈ കഥകളൊക്കെ ഒരു ചലചിത്രത്തിലെ രംഗങ്ങൾ പോലെ എന്റെ മനസ്സിലൂടെ കടന്നുപൊയ്ക്കോണ്ടിരുന്നു. 
ആ ഉപകാരസ്മരണകളാവാം ഈ ഉമ്മയെ നോക്കാൻ ഇവരെ പ്രേരിപ്പിച്ച ഘടകം. 
'ഇതെല്ലാം കർമ്മമാവുന്നു '.
ഒരു കാലത്ത്  ഈ സ്ത്രീയോട്  ഉമ്മ ചെയ്ത സൽകർമ്മങ്ങളുടെ അനന്തരഫലം ഈ സ്ത്രീ മുഖേന ഇവർ അനുഭവിക്കുന്നു.... 'എല്ലാം ഭഗവൽ കൃപ '.
എന്നാലും ഒരു കാര്യത്തിൽ എനിക്ക് സംശയം ഉണ്ട്. 
'അവനവനിൽ നന്മ നിറയുമ്പോൾ ദൈവം വിളക്കായി  വിളങ്ങുമെന്നും,  ഏതവനാണോ സൽകർമ്മങ്ങളിൽ  മുഴങ്ങുന്നത് അവനിൽ ദൈവം സദാ പ്രസാദിക്കുമെന്നും'  
അമ്മമ്മ പഠിപ്പിച്ചത് ഓർമ്മയുണ്ട്. ഇത്രയും നന്മയും, സൽകർമ്മവും ചെയ്ത ഈ  സ്ത്രീയിൽ ഈശ്വരകടാക്ഷമില്ലെങ്കിൽ എവിടെയാണ് അവന്റെ ദിവ്യചൈതന്യം വിളങ്ങുന്നത്. ഇവരെ ഒറ്റപ്പെടുത്തിയത് എന്തിനായിരുന്നു..ഇവർക്ക് മുമ്പിൽ അവൻ കണ്ണടയ്ക്കുകയായിരുന്നോ..??
ഈശ്വരൻ എന്ന പരമമായ സത്യത്തോട് എനിക്ക് വെറുപ്പും പുച്ഛവും വന്നു. 

       ആ ഉമ്മ ഉറക്കത്തിൽ നിന്നും ഉണർന്നു. അവർ  ഉമ്മാക്കുള്ള ഭക്ഷണം എടുത്ത് വെച്ചു. ഒരുപിടി ചോറ് ഉരുളയാക്കി കണ്ണുകൊണ്ടും മുഖംകൊണ്ടും എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടി ആ ഉമ്മാക്ക് നൽകി. അതു കണ്ടതും ആ ഉമ്മ പൊട്ടിച്ചിരിച്ചു.അവരുടെ ചിരിക്കുന്ന മുഖം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആ കോപ്രായങ്ങൾ. ഒരു പിഞ്ചുപൈതലിന്റെ കൗതുകത്തോടെ അവർ ആ ഉരുളചോറ് കഴിച്ചു. ആ രംഗം എന്റെ  മനസ്സിൽ ഇപ്പോഴും മങ്ങാതെ നിൽപ്പുണ്ട്...

    പെട്ടെന്നായിരുന്നു വല്യമ്മ വന്നത്. ദേഷ്യംകൊണ്ട് മുഖമാകെ ചുവന്നിരിക്കുന്നു.ഞാൻ പറയാതെയാണെല്ലോ വന്നത്..ദേഷ്യത്തിന്റെ കണികകളെ ഉള്ളിലൊതുക്കി മയത്തിൽ വല്യമ്മ അവരോടു ചിരിച്ചു...

   ഇവളും ഞാനും ഓരോരോ കഥകൾ പറഞ്ഞോണ്ടിരിക്കുകയായിരുന്നു.സമയം പോയതറിഞ്ഞില്ല;- അവർ പറഞ്ഞു.

അതൊന്നും സാരില്ല.. ഇവളെ കാണാതായപ്പോൾ വന്നതാ എന്നും പറഞ്ഞ് വല്യമ്മ എന്നെയും വിളിച്ച് ആ മുറിയിൽനിന്നും പുറത്തിറങ്ങി. എന്റെ ചെവി പൊട്ടിയില്ലന്നെയുള്ളൂ അങ്ങനത്തെ ചീത്തവിളിയായിരുന്നു. വല്യമ്മ നന്നായി പേടിച്ചു.  വല്യമ്മേന്റെ വഴക്കും, അവരുടെ കദന കഥയും ആകെ കൂടി എനിക്ക്  വല്ലാത്ത വിഷമം വന്നു. 

 പിറ്റേദിവസം രാവിലെ രക്ത സാമ്പിൾ പരിശോധിച്ചു.കൗണ്ട്  ശരിയായി. ഡോക്ടറെ കണ്ടപ്പോൾ അന്ന് തന്നെ ഡിസ്ചാർജ്  ആവാൻ പറഞ്ഞു. ഞങ്ങൾ ആ മുറി പൂട്ടി പോവാനിറങ്ങി. ഞാൻ ആ സ്ത്രീയുടെ മുറിയിലെക്ക് കുറെ നേരം നോക്കിനിന്നു. മുറി അടച്ചിട്ടിരിക്കുന്നു. അവർ ഉണർന്നു കാണില്ല. മനസ്സിൽ ആ സ്ത്രീയുടെയും ഉമ്മയുടെയും മുഖം മിന്നിമറഞ്ഞുകൊണ്ടിരുന്നു. പോകുന്ന വഴിയേ ആ മുറിയിലെ സംഭാഷണങ്ങളെ പറ്റി ഞാൻ വല്യമ്മയോട് വാചാലയായിക്കൊണ്ടേയിരുന്നു...


     വർഷങ്ങൾക്കിപ്പുറം അവരെ യാദൃശ്ചികമായി കണ്ടത് എനിക്കൊരത്ഭുതമായി തോനുന്നു.ഒരു ത്രിസന്ധ്യാ സമയം.അമ്മമ്മ ഉമ്മറത്തിരിക്കുന്നതുകൊണ്ട്  വാതിലടച്ചില്ല. മുറ്റത്ത്‌ നിന്നും ഒരു വ്യത്യസ്തമായ ശബ്ദം ഞാൻ കേട്ടു. എവിടെയോ കേട്ടുപഴകിയ ശബ്ദം പോലെ എനിക്കുതോന്നി.ഉമ്മറത്തു വന്നുനോക്കിയപ്പോൾ 'ആ സ്ത്രീ '. അതെ അവർ തന്നെ. അവരെകണ്ടതും ഞാൻ അതീവ സന്തോഷവതിയായി. മുഖത്ത്  കണ്ണട വെച്ചു എന്നല്ലാതെ പ്രത്യേകിച്ച് ഒരു മാറ്റവും അവർക്ക്  സംഭവിചിട്ടില്ല.  അവരെ കണ്ട മാത്രയിൽ ഞാൻ ഇങ്ങനെ ചോദിച്ചു.. :-

   'എന്നെ മനസ്സിലായോ..??  ആ ഉമ്മ എന്തു പറയുന്നു.. അവർ സുഖമായിട്ടിരിക്കുന്നോ..?? '

  അവർ അല്പം അതിശയോക്തിയോടെ എന്നെ നോക്കി.  എനിക്ക് മോളെ ശെരിക്കും മനസ്സിലായില്ല... അവർ പറഞ്ഞു ;-

  അന്ന് നടന്ന സംഭവം ഞാൻ ഓർമിപ്പിച്ചു കൊടുത്തു....  ചിരിച്ചുകൊണ്ട് അവർ പറഞ്ഞു ;-
   'ഇപ്പോ ഓർമവന്നു.. സുഖല്ലേ മോളെ..?? 
ആ ഉമ്മ മരിച്ചിട്ട് ഒരു വർഷം ആവാറായി:- ഒരു താഴ്ന്ന ശബ്ദത്തിൽ അവർ പറഞ്ഞു. 
    എന്നിട്ടവർ അവരുടെ ബാഗിൽ നിന്നും ഒരു നോട്ടീസ് എടുത്ത് എനിക്ക് തന്നു. ഞാനത് വായിച്ചുനോക്കി.  രണ്ടു വൃക്കയും തകർന്ന ഒരു സ്ത്രീക്കു വേണ്ടിയുള്ള സഹായഹസ്തമാണ്  ആ നോട്ടീസ്. ഞാൻ എന്നാൽ ആവുന്നത് കൊടുത്തു സഹായിച്ചു.

    'ഇത് നിങ്ങളുടെ ബന്ധുവാണോ..??  ഞാൻ ചോദിച്ചു..:-

   ' ഏയ്‌  അല്ല മോളെ.... അയൽവാസിയാണ്. രണ്ടു വൃക്കയും തകരാറിലായി. ഭർത്താവ് കൂലി പണിക്കാരനാണ്. സ്കൂളിൽ പഠിക്കുന്ന ചെറിയ രണ്ടു മക്കളാണുള്ളത്. ഇവർക്ക്  വേറെ ജീവിത മാർഗമൊന്നുമില്ല. പാവങ്ങളാ... ഇടറിയ ശബ്ദത്തോടെ അവർ പറഞ്ഞു...
  'ദൈവം പല മനുഷ്യരിലൂടെ ചിന്തിക്കുകയും, ചില മനുഷ്യരിലൂടെ പ്രവൃത്തിക്കുകയും ചെയ്യുന്നു എന്ന് പറയുന്നത് എത്രമാത്രം ശരിയാണ്.'

    "ഈ സ്ത്രീയുടെ ഹൃദയം വിശാലമായ ഒരു പൂന്തോട്ടമാണ്. അതിൽ നന്മയുടെയും, സ്നേഹത്തിന്റെയും ഒരിക്കലും വാടാത്ത പുഷ്പങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നതുകാണാം.. "

     സന്ധ്യാ സമയമായതിനാൽ അമ്മമ്മ ഉമ്മറത്ത് വിളക്ക് തെളിയിച്ചു. വിളക്ക് തൊട്ടു വന്ദിച്ച് അവർ എന്നോട് യാത്ര പറഞ്ഞു. അപ്പോഴും പാടി തീരാത്ത ഏതോ പാട്ടിലെ  വരികൾ പരുപരുത്ത ശബ്ദത്തിൽ മൂളികൊണ്ട്, സൽകർമ്മങ്ങൾ ചെയ്യാനുതകുന്ന മനസ്സുമായി "ദൈവത്തിന്റെ മാലാഖ "
നടന്നുനീങ്ങുന്നു... ഇടയിൽ അമ്മമ്മ നാരായണ മന്ത്രം അണുവിട തെറ്റാതെ ഉരുവിട്ടുകൊണ്ടേയിരിക്കുന്നു...  അന്തരീക്ഷം മൊത്തം ഭക്തിസാന്ദ്രമായി എനിക്ക് അനുഭവപ്പെട്ടു....               *കവിക്കുറിപ്പുകൾ *
                        -അഞ്ജന -

Post a Comment

0 Comments