Join Our Whats App Group

അമ്മ രുചി

   
              "അമ്മ രുചി "പുലർച്ചെ നാലുമണിയായി കാണും.അടുക്കളയിൽ പതിവ് പരവേശങ്ങൾ തുടങ്ങി.പാത്രങ്ങളുടെ കോലാഹലങ്ങൾകൊണ്ട് ഒരു അലാറത്തിന്റെയും അകമ്പടിയില്ലാതെ ആ ഗൃഹാംഗങ്ങൾ ഉണർന്നു.പ്രഭാതസൂര്യന്റെ കിരണങ്ങൾ ഭൂമിയെ പുളകംകൊള്ളിക്കും മുമ്പ് മുറ്റത്തെ പുൽനാമ്പുകളോടും, തൊടിയിലെ കറിവേപ്പിൻ തൈകളോടും കിന്നരിച്ചു അവർ ഉണർന്നു. 'അമ്മേ ' എന്ന് മൂന്നു മക്കളും 'അതേയ് ' എന്ന് അവരുടെ ഭർത്താവും അവരെ പതിവായി വിശേഷിപ്പിക്കാറുണ്ട്. യന്ത്രങ്ങൾക്ക് തത്തുല്യമായി ആ സ്ത്രീരൂപം പകലയന്തിയോളം ആ വീട്ടിൽ വിശ്രമമില്ലാതെ ജോലി ചെയ്തു പോരുന്നു. സ്വന്തമെന്ന് പറയാൻ ഇരുപതു വയസുള്ള കോളേജിൽ പഠിക്കുന്ന ഒരു മകളും, പന്ത്രണ്ടു വയസ്സുകാരനായ ഒരു മകനും പിന്നെ നാലര വയസ്സുള്ള ഒരു കൊച്ചു കുഞ്ഞും. ഭർത്താവ് സാഹിത്യകാരനാണ്. ചെറുകഥയും,  നോവലുമായി നിറയെ സാഹിത്യസൃഷ്ടികൾ അയാൾക്കുണ്ട്.ചുരുക്കി പറഞ്ഞാൽ തിരക്കു പിടിച്ച ഒരു എഴുത്തുകാരൻ. അസാമാന്യകഴിവാണ് സാഹിത്യത്തിൽ അയാൾക്ക്‌. പക്ഷെ അയാളുടെ ഒരു ചെറുകൃതി പോലും അവർ ഇതുവരെ വായിച്ചിട്ടില്ലെന്നതാണ് വാസ്തവം. അവർക്ക് അതിനുപോലും സമയം കിട്ടികാണില്ല...

                  സമയം എട്ടുമണിയായി കാണും. ഒക്കത്ത്‌ ആ നാലരവയസ്സുകാരിയെയും എടുത്തു അവർ എന്തെന്നില്ലാത്ത നെട്ടോട്ടമോടുന്നു. ഭർത്താവിന്റെ പ്രാതൽ മേശപ്പുറത്തു ഒരുക്കി വെച്ചു. അയാളുടെ തേച്ചുണക്കിയ വസ്ത്രം അലമാരയിൽ നിന്നും പുറത്തെടുക്കാൻ മുറിയിലേക്ക് അവർ കിതച്ചു കൊണ്ട് പായുന്നു. ശേഷം ചെരുപ്പിലെ പൊടി തട്ടി മുറ്റത്ത്‌ ഒരു വശത്തേക്ക് നീക്കിവെച്ചു. ഇതെല്ലാം ആ അമ്മയുടെ ഒക്കത്തിരുന്ന് ആ നാലരവയസ്സുകാരി സസൂക്ഷിമം
നിരീക്ഷിക്കുന്നു. അവൾ അമ്മയുടെ നരച്ച കുറുനിരകളെ ഒതുക്കിവെക്കുന്നു. നനുത്ത കൈവിരൽകൊണ്ട് അവരുടെ വരണ്ടുണങ്ങിയ മുഖത്തെ തലോടുന്നു. അപ്പോൾ അവർ അവരുടെ വറ്റിവരണ്ട കണ്ണുകൾ ഇറുക്കി നിറം മങ്ങിയ ചുണ്ടുകൾ ചുളിച്ചു ഒരു ചെറു പുഞ്ചിരി അവൾക്കായി സമ്മാനിക്കും. അതു കണ്ടാൽ ആ കുസൃതികുറുമ്പിന്റെ മുഖം പൂർണചന്ദ്രനെപോലെ ശോഭിക്കും...

          ' അമ്മേ...അമ്മേ...  അമ്മ എവിടെ..??
ഞങ്ങൾക്കുള്ള ഭക്ഷണം എടുത്തുവെച്ചോ..?? '

കുട്ടികളുടെ ഗാoഭീര്യമുള്ള സ്വരം കേട്ടക്ഷണം അവർ അടുക്കളയുടെ വാതിക്കൽ ഹാജരായി. മകൾക്കും, മകനും ചോറ്റുപാത്രത്തിൽ ആഹാരം ഒരുക്കിവെച്ചു. പ്രാതൽ കഴിച്ചയുടനെ ഭർത്താവ് ഒരു യാത്രപറച്ചിൽ പോലും പറയാതെ  അവർ പൊടിതട്ടി വെച്ച ചെരുപ്പും ധരിച്ചു  പോയി. ഉമ്മറകോലായിലെ വാതിൽപോളയുടെ ദ്വാരത്തിലൂടെ അവർ അയാളെ നോക്കിക്കൊണ്ടേയിരുന്നു. അയാളുടെ രൂപം അവരുടെ ദൃഷ്ടിക്കപ്പുറത്ത്‌ എത്തും വരെ. ആ കണ്ണുകൾ വ്യസനം കൊണ്ടാവാം പാതി അടഞ്ഞിരിക്കുന്നു. ആ ചുണ്ടുകൾക്ക് അയാളോട് എന്തൊക്കെയോ മൊഴിയാനുണ്ടെന്നു തോനുന്നു. ഭയം കൊണ്ടാണോ, അപകർഷതാ ബോധം കൊണ്ടാണോ എന്നറിയില്ല അയാൾക്ക്‌ മുമ്പിൽ മുഖം ഉയർത്തി നിൽക്കാൻ അവർക്ക് ധൈര്യമില്ലായിരുന്നു. മൊഴിയാൻ വെമ്പിയ ചുണ്ടുകൾ അവർ കടിച്ചമർത്തി....

            ആളും അരങ്ങും ഒഴിഞ്ഞാൽ ആ വീട്ടിൽ പിന്നെ അവരും ആ നാലരവയസ്സുകാരിയും മാത്രം. വീട്ടുജോലി അവിടംകൊണ്ടൊന്നും തീരുന്നില്ല. തന്റെ ഭർത്താവിന്റെയും മക്കളുടെയും വിഴുപ്പുഭാണ്ഡങ്ങൾ പേറി അവർ അലക്കുകല്ലിനു സമീപത്തെത്തി. പിന്നീടുള്ള കുശലം പറച്ചിൽ മുഴുവൻ ആ അലക്കുകല്ലിനോടായിരിക്കും.വൈകിട്ട് ക്ഷീണിച്ചെത്തുന്ന ഭർത്താവിനും മക്കൾക്കും വേണ്ടി അവർ വിരുന്നൊരുക്കികഴിഞ്ഞു. അത്താഴത്തിനു പ്രത്യേകം കൂട്ടുകൾ വേറെയും...

           അവരുടെ നാല്പതാം പിറന്നാൾ ദിനമെത്തി. പതിവില്ലാത്ത ചമയത്തിലാണ് അവർ. അലമാരയ്ക്കുള്ളിൽ എവിടെയോ ഒളിപ്പിച്ചു വെച്ച തന്റെ പട്ടുസാരി എടുത്ത് അവർ തിരിച്ചും മറിച്ചും നോക്കി. അലങ്കാരത്തിന്റേയോ, ആഡംബരത്തിന്റേയോ പ്രൗഢി ഇല്ലാത്ത ആ ശരീരത്തിൽ അവർ അത് ധരിച്ചു. വെട്ടിതിളങ്ങുന്ന കണ്ണാടിക്കുമുമ്പിൽ തന്റെ മെലിഞ്ഞുണങ്ങിയ ശരീരത്തെ ഒരു ഞെട്ടലോടെ അവർ നോക്കി നിന്നു. എന്നിട്ട് പുറത്തേക്കു തള്ളിയ പല്ലുകൾ കാട്ടി വെളുക്കെ ചിരിച്ചു. ചുളിവു വീണ തന്റെ മുഖത്തേക്ക് പൗഡറിട്ട് മോഡി കൂട്ടി. അല്പം പരിഭ്രമത്തോടെ അവർ തന്റെ ഭർത്താവിന്റെ സമീപത്തെത്തി. അയാൾ അവരെ ഗൗനിക്കാതെ അവിടെ നിന്നും പോയി. പട്ടുസാരി ധരിച്ചു വരുന്ന അമ്മയെ കണ്ട് ആ ഇരുപതുവയസ്സുകാരിക്കും, പന്ത്രണ്ടുവയസ്സുകാരനും ചിരിയടക്കാനായില്ല. ആ ചിരി അവർക്കൊരു പരിഹാസമായി തോന്നിയതുകൊണ്ടാവാം അവിടെ നിന്നും പെട്ടെന്ന് അടുക്കളയുടെ കൂരയ്ക്കുള്ളിലേക്കു അവർ പോയി. നോവുന്ന ഹൃദയം വിങ്ങിപൊട്ടികാണും. കണ്ണുനീർ ധാരധാരയായി ഒഴുകികൊണ്ടിരിക്കുന്നു. ഒരു നനുത്ത കരങ്ങൾകൊണ്ട് ആ നാലരവയസ്സുകാരി കണ്ണുനീർ തുടച്ചുമാറ്റി. എന്നിട്ട് അവർക്കൊരു ഉമ്മ കൊടുത്തു. ആ നാലരവയസ്സുകാരിയുടെ സ്നേഹവായ്പ്പിനുമുമ്പിൽ അവരുടെ ദുഃഖം എവിടേക്കോ പോയിമറിഞ്ഞു...

     'അമ്മ എന്തിനാ കരയണെ..?? അവൾ അല്പം വ്യസനത്തോടെ ചോദിച്ചു...;

 'ഏയ്‌ ഒന്നുല്ല കുട്ടീ :- അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.

 'അമ്മ ഇന്ന് സുന്ദരിയായിട്ടുണ്ട്. എന്നിട്ടവൾ അവരെ വീണ്ടും ചുംബിച്ചു.
തേങ്ങലടക്കാനാവാതെ അവർ അവളെ കെട്ടിപിടിച്ചു.

      ഒരു സായാന്ഹസമയം. സ്കൂൾ വിട്ടെത്തിയ കുട്ടികൾ അടുക്കളപ്പടിക്കൽ എത്തിനോക്കി.  തളർന്നുവീണ അമ്മയെയും കെട്ടിപിടിച്ചു എന്തുചെയ്യണമെന്നറിയാതെ ആ നാലരവയസ്സുകാരി പരിഭ്രമിച്ചിരിക്കുന്നു. കുട്ടികൾ ഞെട്ടലോടെ ആ ദൃശ്യത്തിന് സാക്ഷിയായി.

     ' അമ്മേ... അമ്മേ... എന്താ പറ്റിയത്..??   കണ്ണ്തുറക്കമേ.....;

ഇരുപതുവയസ്സുകാരി കുറച്ച് വെള്ളം ആ മുഖത്തേക്ക് തളിച്ചപ്പോഴേക്കും അടഞ്ഞ കൺപോളകൾ എന്തെന്നില്ലാതെ പരക്കം പായുന്നു. പതിയെ കൺപോളകൾ തുറന്ന് വിറയ്ക്കുന്ന ചുണ്ടുകൊണ്ട് അവർ എന്തൊക്കയോ മൊഴിയാൻ ശ്രമിക്കുന്നു. അവരുടെ ഭർത്താവ് എത്തും വരെ കുട്ടികൾ അവരുടെ സമീപത്തുതന്നെ ഇരുന്നു. അയാൾ അവരെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ അവരെ സസൂക്ഷിമം നിരീക്ഷിച്ചതിനു ശേഷം അയാളോട് ഇങ്ങനെ പറഞ്ഞു.. :-

    'ഇവരെ മാനസികമായി അലട്ടുന്ന എന്തൊക്കയോ പ്രശ്നങ്ങൾ ഉണ്ട്. ഒരു വിഷാദരോഗിയുടെ ലക്ഷണങ്ങളാണ് ഇവർക്ക്. നിങ്ങളിതിനെ നിസ്സാരമായി കാണരുത്. പറ്റുമെങ്കിൽ ഇന്നുതന്നെ ഒരു സ്കാനിംഗ് എടുത്തുനോക്കണം. ഹൃദയാഘാതത്തിന്റെ സാധ്യതയുണ്ടോ എന്നറിയാൻ.
അയാൾ 'ഉം 'എന്നൊരുത്തരം നൽകി തിരികെ മടങ്ങി.
അത്താഴവും കഴിഞ്ഞു കിടക്കാൻ നേരം അയാൾ അവരുടെ അടുത്ത് ചെന്നിരുന്നു.

      'ഡോക്ടർ പറഞ്ഞതൊന്നും എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല... നിനക്കിവിടെ എന്ത് പ്രശ്നമാണുള്ളത്..??  ഇവിടെ ഒന്നിനും ഒരു കുറവും ഇല്ലല്ലോ അല്ലേ..??

   മറുപടിയെന്നോണം അവർ തലതാഴ്ത്തികൊണ്ട് ഇല്ലെന്ന് മൊഴിഞ്ഞു.  എന്തൊക്കയോ പറയാനുള്ളതുപോലെ അവർ അയാളുടെ തോളിൽ തലചായ്ച്ചു അവരുടെ കൈവിരലുകൾ കൊണ്ട് അയാളുടെ കൈകൾ ചേർത്തുപിടിച്ചു.
പൊടുന്നനെ അയാൾ എഴുനേറ്റുകൊണ്ട് പറഞ്ഞു :-

    'എന്റെ പുതിയ നോവൽ ഈ മാസം പ്രസിദ്ധീകരിക്കണം. എഴുതാനായി ഇനിയും  നിറയെ അദ്ധ്യായങ്ങളുണ്ട്. അതും പറഞ്ഞ് അയാൾ എഴുത്തുമുറിയിലേക്ക് പോയി. പറയാൻ വിതുമ്പിയ ചുണ്ടുകളെ ഒരു തേങ്ങലിൽ അടക്കിപിടിച്ച് അവർ അയാളെ അനുഗമിച്ചു.

      അയാൾ എഴുതാൻ തുടങ്ങിയാൽ ഉറങ്ങാൻ ചിലപ്പോൾ രണ്ടു മണിയോ, മൂന്നു മണിയോ ആവും. അവരും ഉറങ്ങാതെ അയാളുടെ എഴുത്തുമുറിയുടെ വെളിയിൽ ഒരു കാവൽക്കാരിയെ പോലെ കുത്തിയിരിക്കും. എഴുതുമ്പോൾ ഇടവേളയായി അയാൾക്ക്‌ കട്ടൻകാപ്പി നിർബന്ധമാത്രേ. അവർ വെളുക്കും വരെ ഒരു പത്തു ഗ്ലാസ്‌ കട്ടൻകാപ്പിയെങ്കിലും അയാൾക്ക്‌ കൊടുക്കും. ഒന്നും ഉരിയാടാതെ ഒരു കാവൽ നായയെ പോലെ കണ്ണും മിഴിച്ചു രാത്രിയുടെ യാമങ്ങളെ ഒരു നേർത്ത  ആത്മഗതം കൊണ്ട് എണ്ണി തീർക്കും.
അയാളുടെ എഴുത്തുമുറിയെ വൃത്തിയും വെടുപ്പുമാക്കുക എന്നത് അവരുടെ ചുമതലയാണ്. മുറിയിലെ പുസ്തകങ്ങളെല്ലാം പൊടിതട്ടി അടുക്കിവെക്കും,  മാറാല തൂത്ത് മുറിയുടെ മുക്കും മൂലയും ശുചിയാക്കും. ശേഷം എഴുത്തു പേനയിൽ മഷി നിറച്ച് എഴുതുന്ന മേശക്ക് മുകളിൽ വെക്കും. ഇതൊക്കെ അവർ മുടങ്ങാതെ ചെയ്തു പോരുന്ന ചെയ്തികളാണ്...

                 അയാൾ രാവിലെ ഉണർന്ന് പത്രവായന തുടങ്ങി. വായിച്ചു പകുതി എത്തിയിട്ടും കട്ടൻകാപ്പി കിട്ടിയില്ല. മുറ്റത്ത്‌ കണ്ണോടിച്ചപ്പോൾ അടിക്കാടുകൾ അവശേഷിച്ചിരിക്കുന്നു. അടുക്കളയിൽ നിന്ന് ഒച്ചയും ബഹളവും ഒന്നുമില്ല. അയാൾ പതിയെ അടുക്കളയിലേക്ക് പ്രവേശിച്ചു. അടുപ്പിനരികിൽ വിറകുമായി വിറകൊള്ളിച്ചുകിടക്കുന്ന അവരെ അയാൾ നെഞ്ചോടുചേർത്തുപിടിച്ച്  തട്ടി വിളിച്ചു. അവർ ഉണർന്നില്ല. ഒരിക്കലും ഉണരാത്ത അഗാതമായ മയക്കത്തിലേക്ക് അവർ പോയി. തീയും പുകയും കൊണ്ട് കരിവാളിച്ച ആ മുഖത്തു അന്നൊരു വല്ലാത്ത തിളക്കം. ഒരുപക്ഷെ അത് സ്വതന്ത്രത്തിന്റെ തിളക്കമാവാം. അടുക്കളയുടെ ചുമരുകളിൽ ഒരു ഇരുണ്ട അദ്ധ്യായം തീർത്ത അവർ ആ വീടിന്റെ നാലുകെട്ടുകൾക്കപ്പുറത്തേക്ക് യാതൊരു ഭാരവുമില്ലാതെ സ്വതന്ത്രയായതിന്റെ അടങ്ങാത്ത ആനന്ദം കൊണ്ടാവാം ആ മുഖം അത്രമേൽ ശോഭിച്ചത്. അവരുടെ വിയോഗത്തിൽ ശെരിക്കും ഒറ്റപ്പെട്ടുപോയത് മുറ്റത്തുലാത്തുന്ന ചൂലും,  നിരന്തരം അടികൊള്ളുന്ന അലക്കുകല്ലും മാത്രമായിരിക്കും. മരണം അയാളെയും കുട്ടികളെയും എന്തിനേറെ പറയുന്നു ആ ഗൃഹാന്തരീക്ഷത്തെ മൊത്തം വിറങ്ങലുകൊള്ളിച്ചു.

          പതിയെ പതിയെ അവർ അവരുടെ വിയോഗത്തോട് പൊരുത്തപ്പെട്ടു. അമ്മയുടെ ഒക്കത്തിരുന്ന നാലരവയസ്സുകാരി നഴ്സറിയുടെ പടിവാതിക്കൽ അഭയം പ്രാപിച്ചു. വൈകീട്ട് വീട്ടിലെത്തുമ്പോൾ ഇടവഴികളിലെയും മുറ്റത്തെയും ചപ്പുചവറുകളും അടിക്കാടുകളും അവരുടെ അഭാവത്തെ  അയാളെ നിരന്തരമായി ഓർമിപ്പിച്ചുകൊണ്ടേയിരുന്നു...

          ദിവസങ്ങളും, മാസങ്ങളും കടന്നുപോയി. അയാൾ പാതി എഴുതിയ ആ നോവൽ പൂർത്തീകരിക്കണമെന്നോണം എഴുത്തുമുറിയിലേക്ക് പോയി. മുറിയുടെ വാതിൽ തുറന്ന് ഉള്ളിലെത്തിയ അയാൾ കണ്ട കാഴ്ച്ച വളരെ ദയനീയമായിരുന്നു. മാറാലപിടിച്ചുകിടക്കുന്ന മുറി. മുറിയുടെ നിലത്ത് പല്ലിയും പഴുതാരയും കാഷ്ടിച്ചിരിക്കുന്നു. പുസ്തകങ്ങളിലൊക്കെയും പൊടിപിടിച്ചുകിടക്കുന്നു. അയാൾ ഒരുതരത്തിൽ ആ മുറി ശുചിയാക്കി എഴുതാനാരംഭിച്ചു. പേനയെടുത്തു ഒരുവരി എഴുതാൻ തുടങ്ങിയതും അക്ഷരങ്ങൾ പേപ്പറിൽ തെളിയുന്നില്ല. പേനയിലെ മഷി തീർന്നിരിക്കുന്നു. മഷി തീരുംമുമ്പേ പേനയിൽ മഷി നിറച്ചുവെക്കുന്ന അവരെ അയാൾ അപ്പോൾ ഓർത്തെന്നിരിക്കാം. വർഷങ്ങൾക്കു ശേഷമാണ് അയാൾ തന്റെ പേനയിൽ മഷിനിറയ്ക്കുന്നത്.  എഴുതാനുള്ള ശ്രമം വീണ്ടും തുടങ്ങി. അക്ഷരങ്ങളിലെ സരസ്വതീപ്രഭാവം പഴയപോലെ വരാത്തതുപോലെ അയാൾക്ക് തോന്നി. എഴുതാൻ വെമ്പുന്ന കരങ്ങൾക്ക് അതിന്റെ ശക്തി ലഭിക്കുന്നില്ല.  വാക്കുകൾ എവിടെയൊക്കെയോ മുറിഞ്ഞു പോവുന്നത്പോലെ. അയാൾ ഏറെ നേരം പേനയും പിടിച്ചു ഒരേ ഇരുപ്പിരുന്നു. ഒരു വാക്കുപോലും വരാതായപ്പോൾ അയാൾ മേശയ്ക്ക് അരികിൽനിന്നും കിടക്കയിലേക്ക് നീങ്ങി. എഴുതാനുള്ള ശ്രമം വിഫലമായതിനെകുറിച്ച് അയാൾ കുറെ ഓർത്തു. ക്ഷണനേരം കണ്ണടച്ച് ഉറങ്ങിപോയി. മയക്കത്തിലെവിടെയോ പുഞ്ചിരിക്കുന്ന നിഷ്കളങ്കമായ തന്റെ ഭാര്യയുടെ മുഖം തെളിഞ്ഞു വന്നു. അയാൾ മയക്കത്തിൽ നിന്നും പൊടുന്നനെ ഞെട്ടി എഴുനേറ്റു.  പതിവില്ലാതെ പരിഭ്രമം, അന്നാദ്യമായി അയാൾ അവരെ കുറിച്ചോർത്തു ആവലാതിപ്പെട്ടു. അവരുടെ പേര് നിരന്തരമായി മന്ത്രിച്ചുകൊണ്ടേയിരുന്നു.  തന്റെ പേനയുടെ ശക്തിയും എഴുത്തിന്റെ ജീവനും അവരാണെന്ന സത്യം അയാൾ ആ നിമിഷം തിരിച്ചറിഞ്ഞു. തേങ്ങലടക്കിപിടിക്കാനാവാതെ അയാൾ ഉച്ചസ്വരത്തിൽ ആർത്തുകരഞ്ഞു. അയാളുടെ കട്ടിലിനു ഒരുവശത്തായി ചുരുണ്ടുകൂടിയ ആ ശരീരത്തിന്റെ ഹൃദയതാളം കേൾക്കാൻ അന്നയാൾ ഒരുപാട് ആഗ്രഹിച്ചു. മിടിക്കുന്ന അവരുടെ ഹൃദയതാളം നിലച്ചെന്ന സത്യം അയാളെ തീരാ വേദനയിലാഴ്ത്തി. കട്ടിലിൽ മുഖം അമർത്തി എല്ലാം നഷ്ടപെട്ട ഒരു കൊച്ചുകുഞ്ഞിനെപോലെ അയാൾ നിലവിളിച്ചുകൊണ്ടേയിരുന്നു. താഴെനിന്നും ഇരുപതുവയസ്സുകാരിയായ മകൾ അത്താഴത്തിനു വിളിച്ചു.

     'അച്ഛാ.. ; അത്താഴം  എടുത്ത് വെച്ചിട്ടുണ്ട്..

    'ഞാൻ വരാം മോളെ :- അയാൾ പറഞ്ഞു '...

        തീൻമേശയിൽ ആ അച്ഛനും മൂന്നുമക്കളും അത്താഴം കഴിക്കാനിരുന്നു. അത്താഴം കഴിക്കുന്നതിനിടെ പന്ത്രണ്ടുവയസ്സുകാരൻ ഇങ്ങനെ പറഞ്ഞു..

    'ഉപ്പുണ്ട്, എരിവുണ്ട്... എന്നാലും കുറച്ചുദിവസമായി ആഹാരത്തിനു ഒരു സ്വാദുo ഇല്ല.. എന്തോ ഒരു രുചിയില്ലായ്മ.'

     നിശബ്ദമായ ആ അന്തരീക്ഷത്തിൽ ആ നാലരവയസ്സുകാരി ഇങ്ങനെ പറഞ്ഞു :-
      "അമ്മ രുചിയാവും" ഏട്ടാ....
അവളുടെ മറുപടി ആ അന്തരീക്ഷത്തെ മൊത്തം വേദനാജനകമാക്കി. തേങ്ങലടക്കിപിടിക്കാനാവാതെ ആ ഇരുപതുവയസ്സുകാരി പൊട്ടിക്കരഞ്ഞു. ഞെട്ടിതരിച്ചു വികാരഭരിതനായി ആ പന്ത്രണ്ടുവയസ്സുകാരൻ തന്റെ മുമ്പിൽ വിളമ്പിയ ഭക്ഷണത്തിൽ സൂക്ഷിച്ചുനോക്കികൊണ്ടേയിരുന്നു. ഗൃഹനാഥന്റെ വികാരപരിധിയിൽ നിന്നുകൊണ്ട് ഉള്ളിൽ അണപൊട്ടുന്ന വേദനയുടെ സാഗരത്തെ അയാൾ മുഖം താഴ്ത്തി തന്റെ കൈപിടിയിൽ ഒതുക്കിയ ഒരു ഉരുളചോറിൽ ഞെക്കി ഞെരുക്കികൊണ്ടേയിരുന്നു. ഇതെല്ലാം കണ്ട് ഒന്നും മനസ്സിലാവാത്ത ആ നാലരവയസ്സുകാരി ഇങ്ങനെ പറഞ്ഞു :-

       "അമ്മ.... അമ്മ.... അമ്മ"

                       

  -അഞ്ജന -

Post a Comment

0 Comments